മത്സരിക്കാൻ എത്തിയത് മകൾ; കൂട്ടിനെത്തിയ അമ്മയ്ക്ക് സമ്മാനം
കട്ടപ്പന നഗരസഭ കേരളോത്സവത്തിൽ ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്ന മകൾക്ക് കൂട്ടായിട്ടാണ് കട്ടപ്പന വലിയപാറ കൊച്ചുപറമ്പിൽ ഷീനാമോൾ ജോൺസൺ നഗരസഭ ഹാളിൽ എത്തിയത്,കട്ടപ്പന ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ആദിത്യ ക്വിസ് മത്സരത്തിനായി പേര് നൽകിയിരുന്നു. മത്സരത്തിൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടെന്നും 40 വയസ്സുവരെ പ്രായമുള്ളവർക്ക് പങ്കെടുക്കാമെന്നും അനൗൺസ്മെൻ്റ് വന്നതോടെ മകൾക്കൊപ്പം അമ്മയും മത്സരത്തിനിറങ്ങി.ഇവരെ കൂടാതെ അഞ്ചുപേർ കൂടി മത്സരത്തിൽ പങ്കെടുത്തു. ഫൈനൽ റിസൾട്ട് വന്നപ്പോൾ അമ്മയ്ക്ക് ഒന്നാം സമ്മാനവും മകൾക്ക് രണ്ടാം സമ്മാനവും. പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ഷീനമോൾ തന്നെയാണ് പൊതുവിജ്ഞാനത്തിൽ മകളുടെ ഗുരു. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സംസ്ഥാനതലത്തിൽ ആദിത്യ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
മത്സരഫലം പുറത്തുവരുന്നത് വരെ ക്വിസ് മാസ്റ്ററോ കാണികളോ ഷീനയും ആദിത്യയും അമ്മയും മകളുമാണെന്ന് അറിഞ്ഞിരുന്നില്ല. ഫലപ്രഖ്യാപനം വന്ന ശേഷമാണ് ഒന്നാം സമ്മാനം അമ്മയ്ക്കും രണ്ടാം സമ്മാനം മകൾക്കുമാണെന്ന് എല്ലാവരും അറിഞ്ഞത്. ഇതോടെ സദസ്സിൽ നിന്നും ഇരുവർക്കുമായി ആശംസാപ്രവാഹവുമെത്തി.