പ്രാദേശിക ജനതക്ക് കൈത്താങ്ങായി ഉത്തരവാദിത്ത ടൂറിസം
ഓലമെടച്ചിലും മീന്‍പിടുത്തവും കയറുപിരിക്കലും തെങ്ങിൽ കയറി സെൽഫിയെടുക്കലുമെല്ലാം ഇപ്പോള്‍ ടൂറിസത്തിന്‍റെ ഭാഗമാണ്. മാര്‍ഗംകളിയും കളമെഴുത്തും കുട്ടിയുംകോലുമൊക്കെ ആസ്വദിക്കുന്ന വിദേശികളെ കണ്ടാലും അത്ഭുതപ്പെടേണ്ടെന്ന് സാരം. കേരളത്തിന്‍റെ പ്രശസ്ത ടൂറിസം കേന്ദ്രങ്ങള്‍ക്കു പുറമേ ഗ്രാമീണ ജനജീവിതമൊക്കെ വിദേശികളെ ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്കെത്തിക്കുന്ന ആകര്‍ഷണങ്ങളായി മാറി. പ്രാദേശിക ജനതയ്ക്ക് വരുമാനം നേടിക്കൊടുക്കുന്ന ഉത്തരവാദിത്ത ടൂറിസത്തിലൂടെയാണ് ഇത്തരത്തിലുള്ള വാതായനം തുറക്കപ്പെട്ടത്.
ഉത്തരവാദിത്ത ടൂറിസം എന്നത് കേരളത്തിന്‍റെ ഔദ്യോഗിക ടൂറിസം നയമാണ്. ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ ആ നാട്ടിലെ ജനങ്ങള്‍ക്കു നന്നായി ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ നിലനിര്‍ത്തിക്കൊണ്ട് സഞ്ചാരികള്‍ക്ക് എത്താനും താമസിക്കാനും ആസ്വദിക്കാനും കഴിയുന്ന രീതിയില്‍ സജ്ജമാക്കുകയാണ് ചെയ്യുന്നത്. ടൂറിസം വരുമാനത്തിന്‍റെ നല്ലൊരു പങ്ക് പ്രദേശവാസികള്‍ക്കു ലഭ്യമാക്കുക, പ്രദേശത്തിന്‍റെ കലാ സാംസ്കാരിക പൈതൃകം സംരക്ഷിക്കുക, പ്രാദേശിക സമൂഹത്തിന്‍റെ ജീവിതരീതികള്‍ക്കുമേല്‍ ആഘാതമേല്‍പ്പിക്കാതെ ടൂറിസം വ്യവസായം മുന്നോട്ടുകൊണ്ടുപോകുക, പരിസ്ഥിതി ആഘാതങ്ങള്‍ പരമാവധി ലഘൂകരിക്കുക, സുസ്ഥിര ടൂറിസം വികസനം സാധ്യമാക്കുക എന്നിവയാണ് 2017-18 കാലയളവില്‍ പ്രവര്‍ത്തമാരംഭിച്ച ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ പ്രധാന ലക്ഷ്യങ്ങള്‍. ജനകീയ പങ്കാളിത്തത്തോടെ വിനോദസഞ്ചാര വ്യവസായത്തെ പ്രാദേശിക സമ്പദ്ഘടനയുടെ നട്ടെല്ലാക്കാനും ഉദ്ദേശിക്കുന്നുണ്ട്.
ഉത്തരവാദിത്ത ടൂറിസം ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടതാണ്. ഇന്ത്യയില്‍ ഈ ആശയത്തിന്‍റെ പ്രസക്തി മനസ്സിലാക്കി അത് പ്രാവര്‍ത്തികമാക്കിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയ ഇന്ത്യയിലെ പ്രഥമ ടൂറിസം കേന്ദ്രമാണ് കോട്ടയം ജില്ലയിലെ കുമരകം.
സംസ്ഥാന വ്യാപകമായി 23,786 രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 46815 പ്രത്യക്ഷ ഗുണഭോക്താക്കളും 83964 പരോക്ഷ ഗുണഭോക്താക്കളുമുണ്ട്. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതോ സ്ത്രീകള്‍ നയിക്കുന്നതോ ആയ 17453 യൂണിറ്റുകള്‍ ഉണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 12 കോടി രൂപ പ്രാദേശിക വരുമാനം നേടാനായി. കേരളത്തില്‍ വിവിധസ്ഥലങ്ങളിലായി 40 എക്സ്പീരിയന്‍ഷ്യല്‍ ടൂര്‍ പാക്കേജുകള്‍ നടത്തിവരുന്നുണ്ട്. 850 കുടുംബങ്ങള്‍ ഇത്തരം പാക്കേജുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്.
പെപ്പര്‍ പദ്ധതി, മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങള്‍ പദ്ധതി, സ്ട്രീറ്റ് പദ്ധതി, ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതി, ഫുഡ് ടൂറിസം, സ്ത്രീ സൗഹൃദ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍, ഫാം ടൂറിസം തുടങ്ങിയവ വിജയകരമായി നടത്തിവരുന്നുണ്ട്. ഗ്രാമീണ ടൂറിസം മേഖലക്കു പ്രാധാന്യം നല്‍കികൊണ്ടുള്ള വില്ലേജ് എക്സ്പീരിയന്‍സ് പാക്കേജുകള്‍, നേറ്റീവ് എക്സ്പീരിയന്‍സ് പാക്കേജുകള്‍, കള്‍ച്ചറല്‍ എക്സ്പീരിയന്‍സ് പാക്കേജുകള്‍, കാര്‍ബണ്‍ ന്യൂട്രല്‍ പാക്കേജുകള്‍, ഫാം വിസിറ്റ് പാക്കേജുകള്‍, സ്റ്റോറി ടെല്ലിംഗ് പാക്കേജുകള്‍, ഫെസ്റ്റിവല്‍ ടൂര്‍ പാക്കേജുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസം മേഖലയിലെ ജീവനക്കാരേയും ചെറുകിട സംരംഭകരേയും സാമ്പത്തികമായി കൈത്താങ്ങാകാന്‍ സര്‍ക്കാര്‍ രൂപീകരിച്ച സമാശ്വാസ പദ്ധതിയാണ് റിവോള്‍വിംഗ് ഫണ്ട്. ഉത്തരവാദിത്ത ടൂറിസം മുഖേന രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകള്‍ക്ക് ഫണ്ട് ലഭ്യമാക്കുന്നത്.
ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ഇന്ത്യന്‍ റെസ്പോണ്‍സിബിള്‍ ടൂറിസം വണ്‍ ടു വാച്ച് പുരസ്കാരത്തില്‍ ടൂറിസം മേഖലയിലെ അതിവേഗ വൈവിധ്യവത്കരണം എന്ന വിഭാഗത്തിലാണ് ഈ അംഗീകാരം നേടാനായത്. ജലസംരക്ഷണത്തിലെ മാതൃകാ പ്രവര്‍ത്തനമായ വാട്ടര്‍ സ്ട്രീറ്റ് പ്രോജക്ടിന് ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ അവാര്‍ഡ് നേടാനായി. സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ ഇടുക്കി ജില്ലയിലെ കാന്തല്ലൂരും കേന്ദ്ര സര്‍ക്കാരിന്‍റെ മികച്ച ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡിന് അര്‍ഹമായി. ഐസിആർടിയുടെ ഗോൾഡ് മെഡൽ കരസ്ഥമാക്കിയതാണ് ഏറ്റവും ഒടുവിലത്തെ നേട്ടം. ഇത്തരത്തില്‍ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ടൂറിസം മേഖലയില്‍ ലോകത്തിന് സമ്മാനിക്കാന്‍ മികവുറ്റ മാതൃകകളുമായി മുന്നേറുകയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍.