Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സ്ത്രീ സമൂഹത്തിന് കരുത്തു നല്‍കി കുടുംബശ്രീ മുന്നോട്ട്



കേരളത്തിന്‍റെ സാമൂഹ്യ ഭൂമികയില്‍ സ്ത്രീജീവിതത്തിന് പ്രസാദാത്മകമായ പരിവര്‍ത്തനം സൃഷ്ടിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെ സമഗ്ര ശാക്തീകരണം കൈവരിക്കാന്‍ കഴിഞ്ഞ ഏക പ്രസ്ഥാനം.

ലോകത്തിനു മുന്നില്‍ സമഗ്രശാക്തീകരണത്തിന്‍റെ ഉദാത്ത മാതൃകയായി അഭിമാനപൂര്‍വം ഉയര്‍ത്താനാവുന്ന ~ഒന്നാണ് കുടുംബശ്രീ പ്രസ്ഥാനത്തിന്‍റെ ചരിത്രം. ദാരിദ്ര്യത്തെ മറികടന്ന സാധാരണക്കാരായ സ്ത്രീകളുടെ അതിജീവനവും സാമ്പത്തികവും സാമൂഹികവും മാനസികവും ബൗദ്ധികവുമായ വികാസവും ഉള്‍പ്പെടെയുള്ള വികസന ചരിത്രമാണ് കുടുംബശ്രീയുടേത്. പെണ്‍കരുത്തില്‍ പടുത്തുയര്‍ത്തിയ സമാനതകളില്ലാത്ത ഒരു മുന്നേറ്റം. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീകൂട്ടായ്മയാണ് മൂന്നു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളിലായി 46.16 ലക്ഷം വനിതകള്‍ അംഗങ്ങളായുള്ള കുടുംബശ്രീയെന്ന ഈ ത്രിതല സംഘടനാ സംവിധാനം.

ഏതൊരു രാജ്യത്തിന്‍റെയും വികസന സ്വപ്നങ്ങള്‍ പൂര്‍ണമായും സാക്ഷാത്കരിക്കണമെങ്കില്‍ ദാരിദ്ര്യമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കിയേ തീരൂ. ഈ സത്യം തിരിച്ചറിഞ്ഞത് 1998ലെ ഇ.കെ നായനാര്‍ സര്‍ക്കാരാണ്. ദാരിദ്ര്യം ഇല്ലായ്മ ചെയ്തു കൊണ്ട് സ്ത്രീശാക്തീകരണം സാധ്യമാക്കുകയെന്ന വലിയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 1998 മെയ് 17ന് കുടുംബശ്രീ രൂപീകൃതമായത്. തൊഴിലും വരുമാനവും കണ്ടെത്താനും സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാനും അതിലൂടെ ദാരിദ്ര്യത്തെ ലഘൂകരിക്കാനും സ്ത്രീകളെ പ്രാപ്തരാക്കുകയെന്ന ശ്രമകരമായ ദൗത്യം കുടുംബശ്രീ ഏറ്റെടുത്തു. അടുക്കളയുടെ ചുറ്റുവട്ടത്തിനുള്ളില്‍ ഗാര്‍ഹിക ഉത്തരവാദിത്വങ്ങളുമായി മാത്രം കഴിഞ്ഞിരുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതത്തിലേക്കാണ് കുടുംബശ്രീ വെളിച്ചവുമായെത്തിയത്.

അയല്‍ക്കൂട്ടങ്ങളില്‍ സൂക്ഷ്മസമ്പാദ്യം പ്രോത്സാഹിപ്പിക്കുകയും അതില്‍ നിന്നും തങ്ങളുടെ ആവശ്യങ്ങള്‍ക്കായി വായ്പ ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ വീട്ടുമുറ്റത്തെ ബാങ്കായി അയല്‍ക്കൂട്ടങ്ങള്‍ മാറി. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന മൈക്രോ ഫിനാന്‍ന്‍സ് പദ്ധതിയുടെ ഭാഗമായി നിലവില്‍ 8029.47 കോടി രൂപയുടെ നിക്ഷേപം അയല്‍ക്കൂട്ടങ്ങളുടേതായി ഇന്ന് സംസ്ഥാനത്തെ വിവിധ ബാങ്കുകളിലുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ഇന്‍ഷുറന്‍സ് വകുപ്പ് എന്നിവയുമായി സഹകരിച്ചു കൊണ്ട് ‘ജീവന്‍ ദീപം ഒരുമ’ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ 11.31 ലക്ഷം അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.

കുടുംബശ്രീ മുഖേന നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ഇന്ന് സംസ്ഥാനമൊട്ടാകെ 1,08,464 സൂക്ഷ്മസംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടു ലക്ഷത്തോളം വനിതകള്‍ ഇതില്‍ അംഗങ്ങളാണ്. ഉല്‍പാദന സേവന മേഖലകളില്‍ വൈവിധ്യമാര്‍ന്ന തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താനും അതിലൂടെ സ്ത്രീകള്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പു വരുത്തുന്നതിനും കുടുംബശ്രീക്ക് സാധിച്ചു. ഇപ്രകാരം ഓരോ പ്രദേശത്തും കൂടുതല്‍ തൊഴില്‍ സംരംഭങ്ങളും വരുമാന സാധ്യതകളും ഉയര്‍ത്തിക്കൊണ്ടു വരുന്നതിലൂടെ പ്രാദേശിക സാമ്പത്തിക വികസന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിലും കുടുംബശ്രീ വലിയ പങ്കാണ് വഹിക്കുന്നത്. പ്രാദേശിക വിഭവശേഷിയും വനിതകളുടെ തൊഴില്‍ വൈദഗ്ധ്യശേഷിയും പ്രയോജനപ്പെടുത്തി സ്വയംതൊഴില്‍-വേതനാധിഷ്ഠിത തൊഴില്‍ മേഖലകളിലും നിരവധി വനിതകള്‍ക്ക് ജീവനോപാധി ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതികളുടെ ഭാഗമായി 96864 പേര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതിനും 72412 പേര്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാനും കഴിഞ്ഞു.

ഒ.എന്‍.ഡി.സി ഡിജിറ്റല്‍ പ്ലാറ്റ്ഫോം അടക്കമുള്ള ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് കൂടി കുടുംബശ്രീ കടന്നിരിക്കുകയാണ്. ഈ രംഗത്തെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി സംരംഭകര്‍ക്ക് വരുമാന വര്‍ധനവ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുത്തന്‍ ചുവട് വയ്പ്. കുടുംബശ്രീ ബസാര്‍ഡോട്ട്കോം (kudumbashreebazaar.com) കൂടാതെ ആമസോണ്‍ സഹേലി, ഫ്ളിപ്കാര്‍ട്ട് എന്നിവയിലൂടെയും ഉല്‍പന്ന വിപണനം കാര്യക്ഷമമാക്കിയിട്ടുണ്ട്.

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് ഇപ്പോള്‍ 1108 ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നു. അമൃതം ന്യൂട്രിമിക്സ് നിര്‍മിച്ചു വിതരണം ചെയ്യുന്ന ‘ന്യൂട്രിമിക്സ്’ പദ്ധതി, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവയുമായി സഹകരിച്ച് അജൈവ മാലിന്യ സംസ്കരണത്തിനായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മസേന, കെട്ടിട നിര്‍മാണരംഗത്ത് സ്ത്രീപ്രാതിനിധ്യം ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി വനിതാ കെട്ടിട നിര്‍മ്മാണ യൂണിറ്റുകള്‍, ‘എറൈസ്’ മള്‍ട്ടി ടാസ്ക് ടീമുകള്‍ എന്നിവയും കുടുംബശ്രീ വിജയിപ്പിച്ച പദ്ധതികളാണ്. കൊച്ചി റെയില്‍ മെട്രോയുടെ 24 സ്റ്റേഷനുകളിലും ജോലി ചെയ്യുന്നത് കുടുംബശ്രീ വനിതകളാണ്. നിലവില്‍ 555 വനിതകള്‍ ഇവിടെയുണ്ട്. കൊച്ചി വാട്ടര്‍ മെട്രോയിലും തിളങ്ങുന്നത് കുടുംബശ്രീയുടെ പെണ്‍കരുത്താണ്.

സാമൂഹ്യ സുരക്ഷാ മേഖലയില്‍ പാവപ്പെട്ടവര്‍ക്ക് തണലൊരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ നടത്തുന്നുണ്ട്. അഗതികള്‍, നിരാലംബര്‍, മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍,
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവരെയെല്ലാം സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അഗതികുടുംബങ്ങളുടെ അതിജീവന ഉപജീവന മാനസിക ആവശ്യങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് അവര്‍ക്ക് കരുതലും സുരക്ഷയും ഒരുക്കുന്നതിനായി നടപ്പാക്കുന്ന അഗതിരഹിത കേരളം പദ്ധതിയാണ് അതില്‍ ഏറ്റവും ശ്രദ്ധേയം. തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുമായി സഹകരിച്ചുകൊണ്ട് നടപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാനത്ത് 1,57,382 അഗതി കുടുംബങ്ങള്‍ക്ക് താങ്ങും തണലുമാകുന്നു.

സാമൂഹ്യ സുരക്ഷാ മേഖലയില്‍ കുടുംബശ്രീയുടെ ഏറ്റവും ശക്തമായ ഇടപെടലിന്‍റെ ഉദാഹരണമാണ് ബഡ്സ് സ്കൂളും പുനരധിവാസ കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള ബഡ്സ് സ്ഥാപനങ്ങള്‍. 11092 ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് 330 ബഡ്സ് സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കി അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനത്ത് 28528 ബാലസഭകളില്‍ അംഗങ്ങളായ 4,26,509 കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ശാക്തീകരണത്തിനും അതോടൊപ്പം വികസന പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കാന്‍ പ്രാപ്തരാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. കാസര്‍ഗോഡ് കന്നഡ മേഖലയിലെ വനിതകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ട് ‘കന്നഡ സ്പെഷ്യല്‍ പ്രോജക്ട്’ പദ്ധതിക്ക് കുടുംബശ്രീ തുടക്കമിട്ടു കഴിഞ്ഞു. ആധുനിക കാലത്തെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനും പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനും അംഗങ്ങളെ പ്രാപ്തരാക്കാനായി സ്കൂള്‍ വിദ്യാഭ്യാസ കാലത്തെ പുനരവതരിപ്പിക്കുന്ന മാതൃകയില്‍ ബാക്ക് ടു സ്കൂള്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്.

സ്ത്രീ പദവി സ്വയംപഠന പ്രക്രിയ, അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി 14 ജില്ലകളിലും അട്ടപ്പാടിയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്, പ്രാദേശികലത്തില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി 19,326 വിജിലന്‍റ് ഗ്രൂപ്പുകള്‍, 803 ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍, 140 മാതൃകാ ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍, 304 സ്കൂളകളിലും 70 കോളേജുകളിലും ജെന്‍ഡര്‍ ക്ളബ്ബുകള്‍, 360 കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ എന്നിവ ഉള്‍പ്പെടെ വളരെ വിപുലമായ സംവിധാനങ്ങള്‍ വഴി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നു. സ്വയംപ്രതിരോധത്തിനും ആത്മവിശ്വാസം വളര്‍ത്തുന്നതിനും സ്ത്രീകള്‍ക്ക് കരാട്ടേ പരിശീലനം നല്‍കുന്ന ‘ധീരം’ പദ്ധതിക്കും കുടുംബശ്രീ തുടക്കമിട്ടിട്ടുണ്ട്.

നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ മുഖേന ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിക്കൊണ്ട് അവിടുത്ത ദരിദ്ര വനിതകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അഭയകേന്ദ്രമാവുകയാണ് കേരളത്തിന്‍റെ കുടുംബശ്രീ. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന, സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാം, ദേശീയ നഗര ഉപജീവന ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത് കുടുംബശ്രീയാണ്. തെരുവില്‍ അലഞ്ഞു നടക്കുന്ന നഗരദരിദ്രര്‍ക്കായി ദേശീയ നഗര ഉപജീവന ദൗത്യം-പദ്ധതിയുടെ ഭാഗമായി അഭയകേന്ദ്രങ്ങളും തെരുവോര കച്ചവടക്കാര്‍ക്ക് പുതിയ സംരംഭം ആരംഭിക്കുന്നതിനായി പ്രവര്‍ത്തന മൂലധനവും തിരിച്ചറിയില്‍ കാര്‍ഡും നല്‍കുന്നുണ്ട്. കൂടാതെ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള സഹായം, ആധാര്‍, ലൈസന്‍സ് എന്നിവയടക്കം ലഭ്യമാക്കുകയും ചെയ്യുന്നു.

പ്രളയക്കെടുതിയില്‍ വീടും ഉപജീവന മാര്‍ഗങ്ങളും ഉള്‍പ്പെടെ ഏറെ നാശനഷ്ടങ്ങള്‍ നേരിടേണ്ടി വന്നപ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി രൂപ സംഭാവന ചെയ്തു കൊണ്ട് നാടിനു തുണയാകാന്‍ തങ്ങള്‍ ഒപ്പമുണ്ടെന്ന് കുടുംബശ്രീ സഹോദരിമാര്‍ തെളിയിച്ചു. കുടുംബശ്രീക്ക് ശക്തമായ ഒരു യുവനിരയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 19,544 ഓക്സിലറി ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കി. ഓക്സിലറി ഗ്രൂപ്പുകളിലെ വിദ്യാസമ്പന്നരായ യുവതികളുടെ ബൗദ്ധിക ശേഷിയും ഊര്‍ജ്ജസ്വലതയും പ്രയോജനപ്പെടുത്തിക്കൊണ്ട് സംസ്ഥാനമൊട്ടാകെ സംരംഭ രൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി തുടക്കമിട്ട ‘ഷീ സ്റ്റാര്‍ട്ട്സ്’ പദ്ധതിക്ക് ഇന്ന് ഏറെ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. എന്‍.യു.എല്‍.എം പദ്ധതി വഴി നഗരമേഖലയിലെ നഗരദരിദ്രരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിലും സംഘടനാ സംവിധാനം കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുന്ന എന്‍.യു.എല്‍.എം പദ്ധതി സംസ്ഥാനത്ത് മികച്ച രീതിയില്‍ നടപ്പാക്കിയതിന് തുടര്‍ച്ചയായി ആറു തവണ ദേശീയ പുരസ്കാരവും കുടുംബശ്രീക്ക് ലഭിച്ചിട്ടുണ്ട്.

ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണത്തിലൂടെ, സ്ത്രീശാക്തീകരണം എന്ന മഹനീയ ലക്ഷ്യം അതിന്‍റെ സമഗ്രതയില്‍ കൈവരിക്കാന്‍ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്. അടുക്കളയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നും അധികാര കസേരയിലേക്ക് വരെ എത്താന്‍ കഴിഞ്ഞ അയല്‍ക്കൂട്ട വനിതകള്‍ നിരവധിയാണ്. ഇപ്രകാരം കേരളീയ സ്ത്രീസമൂഹത്തെ മുന്നോട്ടു നയിച്ചു കൊണ്ടും പ്രാദേശിക സാമ്പത്തിക വികസന പ്രക്രിയക്ക് കരുത്തേകിയും പുതിയ വികസന ചക്രവാളങ്ങള്‍ എത്തിപ്പിടിക്കാനാണ് കുടുംബശ്രീയുടെ പരിശ്രമങ്ങള്‍. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക കലാ രംഗത്തെ വികസന പ്രക്രിയയിലും ശാക്തീകരണ പ്രവര്‍ത്തനങ്ങളിലും നിര്‍ണായക ഭാഗധേയം വഹിച്ചു കൊണ്ട് ലോകത്തിനു മാതൃകയായി ഈ പ്രസ്ഥാനം ഇനിയും ഉയര്‍ന്നു നില്‍ക്കും. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും അധികാരശ്രേണിയിലേക്കും സമഗ്രശാക്തീകരണത്തിലേക്കും സ്ത്രീകളെ നയിച്ചുകൊണ്ട്..









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!