അടിമാലിയിൽ പ്രവാസി വ്യവസായിയെ കൊല്ലാന്‍ ശ്രമം;ക്വട്ടേഷന്‍ സംഘം പിടിയില്‍
അടിമാലിയില്‍ പ്രവാസി വ്യവസായിയെ വാഹനമിടിച്ച് കൊലപെടുത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘം പിടിയില്‍. പ്രവാസി വ്യവസായി ഷമി മുസ്തഫയെ കൊല്ലാന്‍ ബിസിനസ് പങ്കാളി നല്‍കിയ ക്വട്ടേഷനെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി.
ഒക്ടോബര്‍ പതിനാറിന് രാത്രി ഒന്‍പതരക്ക് നേര്യമംഗലം മൂന്നാര്‍ ദേശീയ പാതിയില്‍ ‘ റാണികല്ല് വളവിന് സമീപത്ത് വച്ച് ഷമി മുസ്തഫയുടെ വാഹനത്തിന് പിന്നില്‍ മറ്റൊരു കാറിടിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. കൊലപാതക ശ്രമമാണോയെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഷെമിയുടെ ആനച്ചാല്‍ പെരുവന്താനം മാങ്കുളം എന്നിവിടങ്ങളിലെ ഫാം ഹൗസിന് സമീപവും ഇതേ വാഹനം പലതവണ എത്തിയിരുന്നതായി മനസിലായി. ഇതോടെയാണ് ഷമി മുസ്തഫ അടിമാലി പൊലീസിനെ സമീപിക്കുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് സ്വദേശികളായ ഫാസില്‍, അമീര്‍ അബ്ബാസ് എന്നിവരാണ് പിടിയിലായത്. ഷെമി മുസ്തഫയുടെ മുന്‍ ബിസിനസ് പങ്കാളിയും സഹായിയും ചേര്‍ന്ന് നല്‍കിയ ക്വട്ടേഷനെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. ഇക്കാര്യം ഉറപ്പാക്കാന്‍ പണമിടപാടുകളുടെ രേഖകളും പൊലിസിന് നല്‍കിയിട്ടുണ്ട്. പ്രതികളുടെ ഫോണ്‍ വിവരങ്ങളും സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം നടത്തുന്നത്. ക്വട്ടേഷന്‍ ആര് നല്‍കിയെന്നറിയാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അവശ്യമെങ്കില്‍ വിദേശത്തു കഴിയുന്ന ബിസിനസ് പങ്കാളിയെ കേരളത്തിലെത്തിക്കുമെന്ന് പൊലീസ് പറഞ്ഞു.