സി.പി.എം നടത്തുന്നത് അഴിമതി സന്ദേശ യാത്ര- ഡീൻ കുര്യാക്കോസ് എം.പി
*ജനങ്ങളെ കൊള്ളയടിക്കുവാനും അഴിമതിക്കും വേണ്ടി നടത്തിയ ഭൂനിയമ ഭേദഗതിയെ വെള്ളപൂശുന്നതിന് വേണ്ടി സി.പി.എം. ജില്ലാ സെക്രട്ടറി നയിക്കുന്നത് അഴിമതി സന്ദേശ യാത്രയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.*
ജനങ്ങൾക്ക് ദോഷകരമാവാത്ത വിധത്തിൽ പട്ടയവസ്തുവിലെ നിർമ്മാണങ്ങൾ ക്രമവത്ക്കരിക്കുമെന്ന മുഖ്യമന്ത്രി (സർക്കാർ) യുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഭൂപതിവ് നിയമഭേദഗതി 2023 നെ യു ഡി എഫ് പിന്തുണക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നിയമസഭയിൽ പറഞ്ഞത്.
എന്നാൽ ബിൽ പാസ്സായ ശേഷം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിലും, തുടർന്ന് ഇടുക്കിയിൽ വന്ന് നടത്തിയ പ്രസ്താവനയിലും അറിയിച്ചത് അപേക്ഷാഫീസ്, ക്രമവത്കരണ ഫീസ്, സെസ്സ്, വാർഷിക സെസ്സ്, ഗ്രീൻ ടാക്സ്, (2023 Sept. 19 ലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം) എന്നിവ ഈടാക്കും എന്നാണ്. ഇത് സർക്കാർ ഭാഗത്തുനിന്നുള്ള വാഗ്ദാനലംഘനവും ജനദ്രോഹപരവുമായ നടപടിയുമാണ്. അതോടൊപ്പം സർക്കാർ 1964 ലെ ചട്ടം റദ്ദുചെയ്യുകയോ, ചട്ടത്തിൽ കൂടുതലായി ഇതര ആവശ്യങ്ങൾക്ക് എന്ന് കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടില്ലാത്തതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കൂടാതെ 2011-ലെ ഭൂപതിവ് നിയമ ഭേദഗതി പ്രകാരം നിലവിലുള്ള ഏതു ചട്ടവും മുൻകാല, പിൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്നു. ഈ അധികാരം ഉപയോഗിച്ച് ചട്ടം 4 റദ്ദാക്കുകയോ ഇതര ആവശ്യങ്ങൾക്കും എന്നും കൂടി കൂട്ടിച്ചേർക്കുകയോ ചെയ്യുവാൻ കഴിയുന്നതും അതിന് മറ്റ് നിയമതടസ്സം ഇല്ലാത്തതും മുൻകാല,പിൻകാല പ്രാബല്യം ലഭിക്കുന്നതുമാണ്.
നിലവിൽ പാസാക്കിയിക്കുന്ന നിയമഭേദഗതി 4(A) പ്രകാരം ഭൂവിനിയോഗ നിയമലംഘനങ്ങൾ ക്രമവൽക്കരിക്കുന്നതിനു മാത്രം അധികാരം നൽകുന്നതും 4(B) പ്രകാരം അനധികൃതമായി- ക്രമരഹിതമായിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ക്രമവത്ക്കരിക്കുവാൻ ആവശ്യമായ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി അധികാരം നൽകുന്നതുമാണ്.
ഭാവിയിൽ നടത്തേണ്ട നിർമ്മാണപ്രവർത്തനങ്ങൾ സംബന്ധിച്ചോ ഇനി നൽകുവാനുള്ള പട്ടയങ്ങൾ സംബന്ധിച്ചോ പരാമർശങ്ങൾ ഇല്ലാത്തതിനാൽ ഇത് അപൂർണവും അപര്യാപ്തവുമാണ്.
1960 ലെ ഭൂപതിവ് നിയമം (3) പ്രകാരം ഭൂമി പതിച്ചു നല്കൽ സംബന്ധിച്ച വളരെ വ്യക്തവും പൂർണവും ആയ നിർവ്വചനമാണ് നൽകുന്നത്. സർക്കാരിനോ നിർണയിക്കപ്പെട്ട ഏതെങ്കിലും അധികാരിയ്ക്കോ ഒന്നുകിൽ നിരുപാധികമായോ അല്ലെങ്കിൽ നിർണയിക്കപ്പെടാവുന്ന നിയന്ത്രണങ്ങൾക്കും പരിമിതികൾക്കും വ്യവസ്ഥകൾക്കും വിധേയമായോ സർക്കാർ ഭൂമി പതിച്ചു കൊടുക്കാവുന്നതാണ്. ഇവിടെ പ്രശ്നമുണ്ടായിരിക്കുന്നത് നിലവിലുള്ള ചട്ടത്തിൽ മാത്രമാണ്. ഇത് മനസ്സിലാക്കി കൊണ്ടാണ് ചട്ടം ഭേദഗതി ചെയ്യാനാവില്ലേ എന്ന് കോടതി ചോദിച്ചതും ചട്ടം മാറ്റാമെന്ന് 2019-ലെ സർവ്വകക്ഷിയോഗം തീരുമാനിച്ചതും. അതുകൊണ്ട് ചട്ടം 4 ൽ ഭേതഗതി ചെയ്യുകയുമാണ് വേണ്ടത്.
മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ നിന്നും മനസിലാക്കുന്നത് ഈ നിയമം നടപ്പിലാക്കിക്കൊണ്ട് നിർമ്മാണങ്ങൾക്ക് വലിയ തോതിൽ പിഴയും വർഷം തോറും സെസ്സും ഗ്രീൻ ടാക്സും ഏർപ്പെടുത്തുക എന്നതാണ്. ഇതു ജനങ്ങളെ നിത്യദുരിതത്തിലേക്ക് തള്ളിവിടുകയായിരിക്കും ഫലം. ഇതിനോട് യോജിക്കാനാവില്ല. അടിയന്തിരമായി ചട്ടം 4 ഭേദഗതി ചെയ്തുകൊണ്ട് ഈ വിഷയത്തിലുള്ള ജനങ്ങളുടെ മുഴുവൻ ആശങ്കയും പരിഹരിച്ചതിന് ശേഷം മാത്രമേ രാഷ്ട്രീയ മുതലെടുപ്പ് യാത്രയുമായി സി.പി.എം. ജില്ലാ സെക്രട്ടറി ഇറങ്ങേണ്ടതുള്ളു.
പത്രസമ്മേളനത്തിൽ ഡി സി സി ഭാരവാഹികളായ എം ഡി അർജുനൻ ,കെ ജെ ബെന്നി, മനോജ് മുരളി
എന്നിവർ പങ്കെടുത്തു.