മൂന്നുവര്‍ഷം പൂര്‍ത്തിയായ നഗരസഭ യുഡിഎഫ് ഭരണസമിതിക്കുമുമ്പില്‍ 16 ചോദ്യങ്ങളുമായി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍.
എല്‍ഡിഎഫ് എതിര്‍ത്ത ബജറ്റ് പ്രഖ്യാപനമായ ഇന്‍ഡോര്‍ സ്റ്റേഡിയം, അപ്രായോഗികമാണെന്ന മുന്‍ ചെയര്‍മാന്‍ അഭിപ്രായത്തെക്കുറിച്ച് ഭരണസമിതിക്ക് എന്താണ് പറയാനുള്ളത്?
ഇഎസ്‌ഐ ആശുപത്രിക്ക് കൈമാറാനായി ഐഎച്ച്ആര്‍ഡി നല്‍കിയ സ്ഥലം തിരികെ ഏറ്റെടുത്തോ?
കല്യാണത്തണ്ടില്‍ കാറ്റാടിപ്പാടം സ്ഥാപിക്കുന്ന കാര്യം എന്തായി?
ഇതിനായി നീക്കിവച്ച അഞ്ച് ലക്ഷം എന്തുചെയ്തു?
കല്യാണത്തണ്ടില്‍ റവന്യു ഭൂമി വിട്ടുകിട്ടിയശേഷമാണോ ടൂറിസം പദ്ധതിക്കായി 16 ലക്ഷം രൂപ മുടക്കി രൂപരേഖ തയ്യാറാക്കിയത്?
ഒന്നരവര്‍ഷത്തിനിടെ ഒരുവാര്‍ഡിലെങ്കിലും റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചോ?
വഴിവിളക്കുകള്‍ ഏതെങ്കിലും നന്നാക്കിയോ?
വെല്‍നെസ് സെന്ററുകളില്‍ ജീവനക്കാരെ നിയമിച്ചോ?
സെന്ററുകള്‍ക്ക് അനുവദിച്ച 75 ലക്ഷം രൂപ എന്ത് ചെയ്തു?
താലൂക്ക് ആശുപത്രിയിലെ ഡി ലെവല്‍ ആംബുലന്‍സില്‍ ജീവനക്കാരെ നിയമിച്ചോ?
മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലില്‍ കൊണ്ടുവന്ന കുടിവെള്ള പദ്ധതിക്ക് സ്ഥലം വിട്ടുനല്‍കാതെ വൈകിപ്പിച്ചതെന്തിന്?
നിര്‍മാണം പുരോഗമിക്കുന്ന മലയോര ഹൈവേ ഭാഗമായ ഇരുപതേക്കര്‍ പാലത്തിന് സമീപത്തെ കുടുംബത്തെ മാറ്റിപ്പാര്‍പ്പിക്കാന്‍ കാലതാമസം വരുത്തുന്നതെന്തിന്?
സമീപ പഞ്ചായത്തുകളില്‍ സര്‍ക്കാര്‍, എംഎല്‍എ ഫണ്ട് ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കട്ടപ്പനയില്‍ മാത്രം എന്തുകൊണ്ട് നടക്കുന്നില്ല?
പുളിയന്‍മല സംസ്‌കരണ പ്ലാന്റില്‍ നിന്ന് മാലിന്യം നീക്കാത്തതെന്ത്?
പുളിയന്‍മലയിലെ കംഫര്‍ട്ട് സ്റ്റേഷന്റെ നിര്‍മാണം പുനരാരംഭിക്കാത്തതെന്ത്?
വാഴവര അര്‍ബന്‍ പിഎച്ച്‌സി കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാത്തതെന്ത്?
നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും സര്‍ക്കാര്‍ ഓഫീസുകള്‍ മാറ്റുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതാര്?
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കട്ടപ്പന നഗരസഭ സംസ്ഥാനത്ത് 84-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതിന്റെ ഉത്തരവാദി ആര്
എന്നിങ്ങനെയാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ ചോദ്യങ്ങള്‍.
നഗരസഭയുടെ സ്ഥാപനങ്ങള്‍ കരാര്‍ പുതുക്കി നല്‍കി ആറുമാസമായിട്ടും 50 ശതമാനം സോള്‍വന്‍സി വാങ്ങിയിട്ടില്ല.
2019-20 വര്‍ഷത്തില്‍ സമാന രീതിയില്‍ നഗരസഭയ്ക്ക് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. നഗരസഭയിലെ വികസന മുരടിപ്പില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പോലും പ്രതിഷേധത്തിലാണെന്നും ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സുധര്‍മ മോഹനന്‍, ഷാജി കൂത്തോടി, ബെന്നി കുര്യന്‍, ബിന്ദുലത രാജു, ഷജി തങ്കച്ചന്‍, ധന്യ അനില്‍ എന്നിവര്‍ പങ്കെടുത്തു.