ദുരിതകാലത്ത് കൈത്താങ്ങായി ദേവികുളത്തെ സാമൂഹിക അടുക്കള
മൂന്നാർ : കോവിഡ് പ്രതിരോധത്തിന് കൈത്താങ്ങായി ദേവികുളത്തെ സാമൂഹിക അടുക്കള.
ദേവികുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദേവികുളത്തു പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയിൽ നിന്നാണ് വിവിധ ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ കഴിയുന്ന അൻപതിലധികം കോവിഡ് രോഗികൾക്ക് മൂന്നുനേരവും ഭക്ഷണം വിതരണം ചെയ്യുന്നത്.
കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും ഇവിടെനിന്നാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ദിവസവും 110 പേർക്കാണ് ഇത്തരത്തിൽ മൂന്നുനേരവും ഭക്ഷണം വിതരണം ചെയ്യുന്നത്.
പഞ്ചായത്തിന്റെയും ചില ഉദാരമനസ്കരുടെയും സഹായത്തോടെ വേറിട്ട ഭക്ഷണങ്ങളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്. സന്നദ്ധ പ്രവർത്തകരായ 17 പേരുടെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നത്. മുൻ വർഷങ്ങളിലുണ്ടായ പ്രളയകാലത്തും ദേവികുളത്തും പരിസരങ്ങളിലും പ്രവർത്തിച്ചിരുന്നു ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ഇവരുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണ വിതരണം.