തമിഴ്‌നാട്ടിൽ 35 സ്ഥലങ്ങളിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകി മദ്രാസ് ഹൈക്കോടതി
തമിഴ്‌നാട്ടിൽ ആർഎസ്എസ് റൂട്ട് മാർച്ചുകൾ നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. ഒക്‌ടോബർ 22, 29 തീയതികളിൽ തമിഴ്‌നാട്ടിലുടനീളം 35 സ്ഥലങ്ങളിൽ ആർഎസ്എസ് റൂട്ട് മാർച്ചുകൾ നടത്താനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.
പരിപാടിക്ക് അനുമതി തേടിയുള്ള ഒരു കൂട്ടം ഹർജികളിലാണ് ജസ്റ്റിസ് ജി.ജയചന്ദ്രൻ പൊതു ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്ന് മുതൽ അഞ്ച് ദിവസം മുമ്പെങ്കിലും പൊലീസ് അനുമതി നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് മാർച്ചിന് മതിയായ സുരക്ഷ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.
മാർച്ചിന്റെ റൂട്ടിൽ ഒരു മാറ്റവും ഉണ്ടാകരുതെന്ന് പറഞ്ഞ ജഡ്ജി അനുമതി നൽകുന്നതിൽ പൊലീസ് ഉന്നയിച്ച എല്ലാ എതിർപ്പുകളും തള്ളി. എന്നിരുന്നാലും, ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജി.കാർത്തികേയന്റെയും അഭിഭാഷകൻ രാബു മനോഹറിന്റെയും വാദം കേട്ട ശേഷമാണ് ഉത്തരവ്.