ഇസ്രയേൽ-ഹമാസ് യുദ്ധം: ജോ ബൈഡൻ ഇസ്രയേൽ സന്ദർശിക്കും
ടെൽ അവീവ്: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമായ സാഹചര്യത്തിൽ ഇസ്രയേൽ സന്ദർശനത്തിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ബുധനാഴ്ച ഇസ്രയേലിലെത്തുന്ന ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്.
ഗാസയ്ക്ക് സഹായം നൽകുന്നതിനുളള പദ്ധതി വികസിപ്പിക്കാൻ ഇസ്രയേലും വാഷിങ്ടണും സമ്മതിച്ചതായും ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഇസ്രയേൽ സന്ദർശനത്തിന് പിന്നാലെ ജോർദാൻ സന്ദർശിച്ച് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ബ്ലിങ്കൻ അറിയിച്ചു. എട്ടു മണിക്കൂറോളം ബ്ലിങ്കൻ ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇസ്രയേലിനോടുള്ള യുഎസിന്റെ ഐക്യദാർഢ്യവും സുരക്ഷയോടുള്ള പ്രതിബദ്ധതയും ജോ ബൈഡൻ ഉറപ്പിക്കും. ഹമാസിൽ നിന്നും മറ്റ് ഭീകരരിൽ നിന്നും പൗരന്മാരെ സുരക്ഷിതരാക്കാനും ഭാവിയിലെ ആക്രമണങ്ങളെ തടയാനും ഇസ്രയേലിന് അവകാശവും കടമയും ഉണ്ടെന്നും ബ്ലിങ്കൻ പറഞ്ഞു.
ഇസ്രയേലിനെ ആക്രമിച്ചാൽ കനത്ത വില നൽകേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹിസ്ബുള്ളയ്ക്കും ഇറാനും മുന്നറിയിപ്പ് നൽകിയിരുന്നു. ഹമാസിനെ തോൽപ്പിക്കാൻ ലോകം ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ കടൽമാർഗവും ആക്രമണം തുടങ്ങിയതായാണ് വിവരം.
സാധാരണക്കാർക്കും ആയുധം നൽകാൻ ഇസ്രയേൽ തീരുമാനിച്ചതായാണ് സൂചന. ഫസ്റ്റ് റെസ്പോൺഡേഴ്സിനെ സജീവമാക്കും. 1300 പേരെ പൊലീസ് വളണ്ടിയർമാരാക്കും. 347 പുതിയ സ്വയം പ്രതിരോധ യൂണിറ്റുകളുണ്ടാക്കുമെന്നും തീരുമാനമായിട്ടുണ്ട്. അതിനിടെ, മാനുഷിക ഇടനാഴിക്ക് ഇസ്രയേൽ സഹകരിക്കുന്നില്ലെന്ന് ഈജിപ്ത് ആരോപിച്ചിരുന്നു.