ജീവനെടുത്ത് എലിപ്പനിയും ഡെങ്കിപ്പനിയും; സംസ്ഥാനത്ത് ഈ മാസം പനിബാധിച്ച് മരിച്ചത് 32 പേർ
സംസ്ഥാനത്ത് ഈ മാസം പനിബാധിച്ച് മരിച്ചത് 32 പേർ. മരിച്ചവരിൽ 20 പേർക്ക് എലിപ്പനിയും 10 പേർക്ക് ഡെങ്കിപ്പനിയും ആയിരുന്നു. എലിപ്പനി ബാധിച്ച് ഇന്നലെ മാത്രം രണ്ടുപേർ മരിച്ചു.
8659 പേരാണ് ഇന്നലെ പനിക്ക് ചികിത്സ തേടിയത്. മലപ്പുറം, കോഴിക്കോട് എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ രോഗികൾ. ഇന്നലെ മാത്രം 44 പേർക്ക് ഡെങ്കിപ്പനിയും 6 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഈ മാസം ഡെങ്കിപ്പനി ബാധിച്ചത് 708 പേർക്കാണ്. 150 പേർക്ക് എലിപ്പനിയും ബാധിച്ചു. എലിപ്പനിക്കെതിരെ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
കനത്ത മഴയെ തുടര്‍ന്ന് വെള്ളം ഇറങ്ങുന്ന സമയമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
എലിപ്പനിക്ക് വളരെയേറെ സാധ്യതയുണ്ട്. ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ നേരത്തെ തന്നെ ആരോഗ്യ വകുപ്പ് ജാഗ്രത പുലര്‍ത്തിയിരുന്നു. പനി കേസുകള്‍ കുറഞ്ഞു വന്നിരുന്നെങ്കിലും മഴ വ്യാപിക്കുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്. ആരും സ്വയം ചികിത്സ പാടില്ല. പനി ബാധിച്ചാല്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്കി. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അവബോധ പ്രവര്‍ത്തനം ശക്തമാക്കണം. മരുന്ന് ലഭ്യത ഉറപ്പാക്കണം. എലിപ്പനിയ്ക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കണം. ഡെങ്കിപ്പനിയെക്കെതിരേയും ശ്രദ്ധ വേണം. എലിപ്പനിക്ക് മാനദണ്ഡപ്രകാരമുള്ള ചികിത്സ ഉറപ്പാക്കണം. ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. വെള്ളം താഴ്ന്ന് കഴിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. ക്യാമ്പുകളില്‍ നിന്നും വീണ്ടും വീട്ടിലേക്ക് പോകുമ്പോള്‍ ആരോഗ്യ വകുപ്പ് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശിച്ചു.