ജോലിക്ക് പോകുംവഴി ആരോഗ്യപ്രവർത്തകയുടെ സ്കൂട്ടറിന്റെ ടയർ പഞ്ചറായി; സ്വന്തം സ്കൂട്ടർ നൽകി എസ്ഐ
അറക്കുളം ∙ ടയർ പഞ്ചറായ സ്കൂട്ടറുമായി എത്തിയ ആരോഗ്യപ്രവർത്തകയ്ക്കു സ്വന്തം സ്കൂട്ടർ നൽകി ഡ്യൂട്ടിക്കു പറഞ്ഞയച്ച് കാഞ്ഞാർ എസ്ഐ. വ്യാഴാഴ്ച രാവിലെ അറക്കുളം അശോകയ്ക്ക് സമീപം പരിശോധനയ്ക്കു നിൽക്കുകയായിരുന്നു എസ്ഐ കെ.ഐ നസീറും സംഘവും. ഇതിനിടെ ഒരു വനിത സ്കൂട്ടറിൽ വരുന്നതു ശ്രദ്ധയിൽപെട്ടു.
ഇവരുടെ വാഹനം വെട്ടി മാറുന്നതു കണ്ട് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ടയർ പഞ്ചറായതാണെന്നു കണ്ടു. തുടർന്ന് യാത്ര ചെയ്യാൻ മാർഗമില്ലാതെ നിന്ന ആരോഗ്യപ്രവർത്തകയായ ഷാനി ജോബിനോട് എസ്ഐ വിവരം അന്വേഷിച്ചു. മുട്ടം സിഎച്ച്സിയിലെ ആരോഗ്യപ്രവർത്തകയായ ഷാനിക്ക് കുടയത്തൂരിൽ കോവിഡ് പരിശോധനാ കേന്ദ്രത്തിലായിരുന്നു ഡ്യൂട്ടി.
വാഹനം പഞ്ചറായതിനെത്തുടർന്നു പോകാൻ മാർഗമില്ലാതെ നിന്ന ഷാനിക്ക് നസീർ തന്റെ സ്കൂട്ടർ നൽകി ഡ്യൂട്ടിക്ക് അയച്ചു. കോവിഡ് കാലത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ അകാരണമായി ഭീഷണിപ്പെടുത്തി മടക്കി അയച്ചെന്നു പരാതികൾ കേൾക്കുന്ന പൊലീസിന്റെ നന്മയുടെ മറ്റൊരു മുഖമാണ് ഇവിടെയുണ്ടായിരുന്ന പൊലീസുകാരിൽ കണ്ടതെന്ന് ഷാനി പറഞ്ഞു.