ഔദ്യോഗികം; ഒളിംപിക്സില്‍ ഇനി ക്രിക്കറ്റുമുണ്ടാകും
മുംബൈ: ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സരയിനമായി ഉള്‍പ്പെടുത്താന്‍ ഔദ്യോഗിക അനുമതി. 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ ഒളിംപിക്സിലാണ് പുരുഷ-വനിതാ ട്വന്റി20 ക്രിക്കറ്റ് ഉണ്ടാവുക. മുംബൈയില്‍ നടന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റിയാണ് അന്തിമ അനുമതി നല്‍കിയത്. ഐഒസി നിര്‍വാഹക സമിതി യോഗം വോട്ടെടുപ്പിലൂടെയാണ് തീരുമാനമെടുത്തത്.
ക്രിക്കറ്റിനൊപ്പം ഫ്ളാഗ് ഫുട്ബോള്‍, ലക്രോസ് (സിക്സസ്), സ്ക്വാഷ്, ബേസ്ബോള്‍/സോഫ്റ്റ്ബോള്‍ എന്നിവയും ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. 128 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒളിംപിക്സില്‍ ക്രിക്കറ്റ് തിരിച്ചുവരുന്നത്. ഒളിമ്പിക്സ് ചരിത്രത്തില്‍ 1900ത്തിലെ പാരീസ് ഗെയിംസില്‍ മാത്രമാണ് ക്രിക്കറ്റ് ഉള്‍പ്പെട്ടത്.
ക്രിക്കറ്റ് ഒളിംപിക്സില്‍ ഉള്‍പ്പെടുമെന്ന് ഇന്ത്യന്‍ നായകന് രാഹുല്‍ ദ്രാവിഡ് കഴിഞ്ഞ ദിവസം ഉറപ്പിച്ചു പറഞ്ഞിരുന്നു. ട്വന്റി 20 ക്രിക്കറ്റ് 75 രാജ്യങ്ങളില്‍ കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ട്വന്റി 20 ഒളിംപിക്സില്‍ മത്സര ഇനമാക്കാവുന്നതാണ്. നിലവാരമുള്ള പിച്ചുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാല്‍ ആവേശകരമായ മത്സരങ്ങള്‍ ഉണ്ടാവും. മാത്രവുമല്ല ട്വന്റി 20 ഒളിംപിക്സ് ഇനമാവുന്നതോടെ ക്രിക്കറ്റിന് കൂടുതല്‍ പ്രചാരം കിട്ടുമെന്നുമായിരുന്നു ദ്രാവിഡ് പറഞ്ഞത്.