വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേരള ജേർണലിസ്റ്റ്സ് യൂണിയൻ ഇടുക്കി ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു
ഇടുക്കി: വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേരള ജേർണലിസ്റ്റ് യൂണിയൻ ഇടുക്കി ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. വാഗമൺ മലനാട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകരെയാണ് ഇടതുപക്ഷ പ്രവർത്തകർ മർദ്ദിക്കുകയും ഫോൺ എറിഞ്ഞുടയ്ക്കുകയും ചെയ്തത്. രാഷ്ട്രീയ-ജാതി -മത-വർഗ-വർണ വ്യത്യാസമില്ലാതെ വാർത്തകൾ ജനങ്ങളിലെത്തിക്കുക എന്നത് മാധ്യമ പ്രവർത്തകരുടെ കടമയാണ്. ഇതിനെ അസഹിഷ്ണുതയോടെ കാണുന്ന നിലപാടിൽ നിന്നും പിന്മാറണമെന്ന് കെ.ജെ.യു ജില്ലാ പ്രസിഡന്റ് ബിജു ലോട്ടസ്, ജില്ലാ സെക്രട്ടറി കെ.എസ് മധു, ജില്ലാ ട്രഷറാർ ഔസേപ്പച്ചൻ ഇടക്കുളം എന്നിവർ ആവശ്യപ്പെട്ടു. കെ.ജെ.യു അംഗവും ഇടുക്കി വിഷൻ റിപ്പോർട്ടറുമായ നിജിൽ മാത്യു അടക്കമുള്ളവർക്കെതിരെയാണ് കയ്യേറ്റമുണ്ടായത്. ഇക്കാര്യത്തിൽ പോലീസ് നിഷ്പക്ഷ നിലപാടിലൂടെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.