അതിശക്തമായ മഴ തുടരും ; ചക്രവാത ചുഴി ന്യൂനമർദ്ദമാകും, നാല് ജില്ലകളില്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് നൽകിയത്. തിരുവനന്തപുരത്തെ മൂന്നു നദികളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കരമന നദിയിൽ ഓറഞ്ച് അലർട്ടും, നെയ്യാർ, വാമനപുരം നദിയിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടന്നും സ്ഥിതി നിയന്ത്രണ വിധേയമെന്നും മന്ത്രിമാർ പറഞ്ഞു.
തെക്ക്-കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി മറ്റന്നാളോടെ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. വരുന്ന അഞ്ച് ദിവസം കൂടി വ്യാപക മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. കണ്ണൂരും കാസർകോഡും ഒഴികെ എട്ട് ജില്ലകളിൽ യെല്ലാ അലേർട്ടും തുടരും. നാളെയും നാല് ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് 10 ജില്ലകൾക്കും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ജില്ലയിൽ അതിശക്തമായ മഴയെ തുടർന്നുണ്ടായ അടിയന്തരസാഹചര്യം വിലയിരുത്തുന്നതിന് തിരുവനന്തപുരത്ത് മന്ത്രിമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേർന്നു. മന്ത്രിമാരായ കെ. രാജൻ,വി.ശിവൻകുട്ടി,ജി.ആർ. അനിൽ, ആന്റണി രാജു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം. അടിയന്തര സാഹചര്യം നേരിടാൻ സർക്കാരും ജില്ലാ ഭരണകൂടവും സജ്ജമാണെന്ന് മന്ത്രിമാർ പറഞ്ഞു.
അടിയന്തരസാഹചര്യം കണക്കിലെടുത്ത് റവന്യൂ വകുപ്പിൽ, അവധിയിൽ പ്രവേശിച്ച ജീവനക്കാരുൾപ്പെടെയുള്ളവരോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. കളക്ടറേറ്റിലും എല്ലാ താലൂക്കുകളിലും തിരുവനന്തപുരം കോർപ്പറേഷനിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിൽ ഖനന പ്രവർത്തനങ്ങളും കടലോര-കായലോര-മലയോര യാത്രകളും നിരോധിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി നൽകും. നിലവിൽ ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകളിലായി 875 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി രാജൻ പറഞ്ഞു.