‘വിട്ടുനിൽക്കണമെന്ന നിർബന്ധബുദ്ധി ചിലർക്കുണ്ട്’; സ്പൈസസ് പാർക്ക് ഉദ്ഘാടന വേദിയിൽ ഡീൻ കുര്യാക്കോസിനും പി.ജെ ജോസഫിനും മുഖ്യമന്ത്രിയുടെ വിമർശനം
തുടങ്ങനാട് സ്പൈസസ് പാർക്ക് ഉദ്ഘാടനത്തിൽ പങ്കെടുക്കാത്തതിന് ഡീൻ കുര്യാക്കോസ് എംപിക്കും പി.ജെ ജോസഫ് എംഎൽഎയ്ക്കും മുഖ്യമന്ത്രിയുടെ വിമർശനം. അസൗകര്യം ആർക്കും ഉണ്ടാവാമെന്നും പക്ഷേ, പല നല്ല കാര്യങ്ങൾ ചിലർ ഒഴിവാക്കുകയാണെന്നും അദ്ദേഹം വമർശിച്ചു. പരിപാടിയിൽ നിന്ന് വിട്ടു നിൽക്കണമെന്ന നിർബന്ധ ബുദ്ധിയാണ് ചിലർക്കുള്ളതെന്നും നാടിനോട് ചെയ്യുന്ന നീതി കേടാണിതെന്നും ഡീൻ കുര്യാക്കോസിനെയും പി.ജെ ജോസഫിനെയും സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു.
തുടങ്ങനാട് സ്പൈസസ് പാർക്കിന്റെ 20 കോടി മുതൽ മുടക്കി നിർമിച്ച ഒന്നാം ഘട്ട പ്രവൃത്തികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. 15 ഏക്കറിലാണ് പാർക്ക് നിർമിച്ചിരിക്കുന്നത്. ശേഷിക്കുന്ന 18 ഏക്കറിൽ നിർമാണത്തിനുള്ള നടപടികളും ആരംഭിച്ചു. ഉദ്ഘാടന ശേഷം സംരംഭകർക്ക് സ്ഥലം അനുവദിച്ച് നൽകും. സ്പൈസ് അനുബന്ധ വ്യവസായികൾക്കാണ് സ്ഥലം നൽകുക.
30 വർഷത്തേക്ക് കരാർ ചെയ്ത് നൽകുന്നത് തരിശുസ്ഥലമാണ്. അതിൽ നിർമാണവും മറ്റും നടത്തേണ്ടത് കരാർ എടുക്കുന്നവരാണ്. എന്നാൽ വൈദ്യുതി, വെള്ളം, ഗതാഗത സൗകര്യം, ശൗചാലയം എന്നിവ സ്പൈസസ് ബോർഡ് ഒരുക്കി നൽകും. ഇതിനകം പ്രൊപ്പോസൽ സമർപ്പിച്ചിട്ടുള്ളത് 30ലധികം സംരംഭകരാണെന്നാണ് ലഭ്യമാകുന്ന വിവരം.