പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
‘സംഗതി ചൂടാണ്’ : കുടുംബശ്രീ പാചകമത്സരം
കേരളീയം-2023 നോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ ‘സംഗതി ചൂടാണ് എന്ന പേരില്‍ പാചക മത്സരം സംഘടിപ്പിക്കുന്നു . ഒക്ടോബര്‍ 17 ന് തൊടുപുഴ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിപാടി . ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സമാപനത്തില്‍ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് സമ്മാനദാനം നിര്‍വ്വഹിക്കും.
കേരളത്തിന്റെ നേട്ടങ്ങളെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം-2023ന്റെ പ്രധാന ആകര്‍ഷണമാണ് പതിനൊന്നു വ്യത്യസ്തതരത്തിലുള്ള ഭക്ഷ്യമേള. മേളയുടെ പ്രചാരണാര്‍ഥമാണ് പാചക മത്സരം. മത്സരത്തില്‍ ഒന്നാമതെത്തുന്ന യൂണിറ്റിന് 5000 രൂപയും രണ്ടാമതെത്തുന്ന യൂണിറ്റിന് 2500 രൂപയും സമ്മാനമായി ലഭിക്കും.
കുടുംബശ്രീയില്‍ അഫിലിയേറ്റ് ചെയ്ത് കാറ്ററിങ്ങ് രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന യൂണിറ്റുകളാണ് പാചകമത്സരത്തില്‍ പങ്കെടുക്കുന്നത്. ഇത്തരത്തില്‍ നൂറ്റന്‍പതോളം യൂണിറ്റുകള്‍ പങ്കെടുക്കും. ഓരോ ജില്ലയുടേയും രുചി വൈവിധ്യങ്ങള്‍ക്കനുസൃതമായി മൂന്നു വിഭവങ്ങളാണ് മത്സരാര്‍ത്ഥികള്‍ തയാറാക്കേണ്ടത്. പാചകത്തിനാവശ്യമായ പാത്രങ്ങളും മറ്റുപകരണങ്ങളും യൂണിറ്റുകള്‍ തന്നെ കൊണ്ടു വരണം. വിഭവങ്ങള്‍ തയാറാക്കുന്നതിനായി യൂണിറ്റുകള്‍ നല്‍കുന്ന പട്ടിക പ്രകാരമുള്ള പച്ചക്കറികള്‍, മത്സ്യം, മാംസം, കറി പൗഡര്‍, എണ്ണ, മസാല തുടങ്ങിയ ചേരുവകകള്‍ മത്സരത്തിന് അര മണിക്കൂര്‍ മുമ്പ് സംഘാടകര്‍ നല്‍കും. കൂടാതെ വിഭവങ്ങള്‍ അലങ്കരിക്കാന്‍ ആവശ്യമായ പഴങ്ങളും പച്ചക്കറികളും ആവശ്യമെങ്കില്‍ പ്രത്യേകമായ ചേരുവകളും പാചകത്തിന് ഗ്യാസ് അടുപ്പും നല്‍കും. വിഭവങ്ങളുടെ രുചിക്കു പുറമേ അതിലെ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ അളവും ഗുണങ്ങളും കണക്കിലെടുത്താണ് വിജയികളെ നിശ്ചയിക്കുക. പാചകമത്സരത്തിന്റെ ഫലപ്രദമായ നടത്തിപ്പിനായി ഓരോ ജില്ലയിലും ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അധ്യക്ഷനായ സംഘാടകസമിതിയും രൂപീകരിച്ചിട്ടുണ്ട്.