ലത്തീൻ സഭയെ അനുനയിപ്പിക്കാൻ സർക്കാർ; വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ സ്വീകരണ ചടങ്ങിൽ അതിരൂപതയ്ക്ക് ക്ഷണം
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ സ്വീകരണ ചടങ്ങിനു മുൻപ് ലത്തീൻ സഭയെ അനുയിപ്പിക്കാൻ സർക്കാർ. അതിരൂപതയെ നേരിട്ടെത്തി സർക്കാർ പ്രതിനിധി ക്ഷണിച്ചു. തുറമുഖ എം.ഡി നേരിട്ട് എത്തിയാണ് ലത്തീൻ അതിരൂപതയെ സ്വീകരണച്ചടങ്ങിലേക്ക് ക്ഷണിച്ചത്. എന്നാൽ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് ലത്തീൻ സഭാ വികാരി ജനറൽ ഫാദർ യൂജിൻ പെരേരയുടെ പ്രതികരണം.
വിഴിഞ്ഞം ഇടവക വികാരി ഫാദർ ടി നിക്കോളാസുമായി മന്ത്രി സജി ചെറിയാൻ കൂടിക്കാഴ്ച നടത്തി. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി ഫാ.ടി. നിക്കോളാസ് പറഞ്ഞു.
ലത്തീൻ സഭാ ജനറൽ ഫാദർ യൂജിൻ പരേര ഇപ്പോഴും ഇടഞ്ഞു തന്നെയാണ്. സഭയെ ക്ഷണിച്ചിട്ടില്ലെന്ന് യൂജിൻ പെരേര. സഭാപ്രതിനിധികൾ സ്വീകരണ ചടങ്ങിൽ പങ്കെടുക്കുമോ എന്നതിൽ തീരുമാനമായിട്ടില്ല. പ്രാദേശിക പള്ളികളിലെയും ക്ഷേത്രങ്ങളിലെയും പ്രതിനിധികളെ ഉൾപ്പെടുത്താനാണ് സർക്കാരിൻ്റെ നീക്കം.
അടിസ്ഥാന സൗകര്യം പോലുമില്ലാതെ വിഴിഞ്ഞം തുറമുഖം തുറക്കുന്നത് കണ്ണിൽ പൊടിയിടാനെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര പറഞ്ഞു. ക്രെയിൻ കൊണ്ടുവരുന്നതിനെ ആഘോഷമാക്കുന്നത് വിരോധാഭാസമാണെന്നും ചൈനയിൽ നിന്ന് രണ്ട് ക്രെയിൻ കൊണ്ട് വന്നത് വലിയ അഘോഷമാക്കേണ്ടത് ഉണ്ടോയെന്നും യൂജിൻ പെരേര ചോദിക്കുന്നു.