സ്ത്രീകളും നിവര്‍ത്തികേടിന്റെ സ്വയം പ്രതിരോധ മാര്‍ഗങ്ങളും
കാലം മാറി. വീടിന്റെ സുരക്ഷിതത്വത്തില്‍ ഒതുങ്ങി കൂടേണ്ടവരാണെന്ന മിഥ്യാ ബോധമൊക്കെ സ്ത്രീകള്‍ ഉപേക്ഷിച്ചുവരികയാണ്. സമൂഹത്തില്‍ സധൈര്യം മുന്നോട്ടുനടക്കുന്നതിന് സ്ത്രീകള്‍ക്ക് വിലങ്ങുതടിയാകുന്ന നിരവധി പ്രതിബന്ധങ്ങളുണ്ട്. പൊതു ഇടങ്ങളിലുള്ള സ്ത്രീകള്‍ കേവലം ലൈംഗികാസ്വാദനത്തിനുള്ള ഉപകരണങ്ങളാണ് എന്ന ആണത്തബോധം തന്നെയാണ് അതില്‍ ഏറ്റവും ഗൗരവമുള്ള പ്രതിബന്ധം. ഇതുപോലുള്ളവർ വളരെയധികം അധികാര ഹുങ്കോടെ പൊതുസമൂഹത്തിൽ ഇടപഴകുന്നു എന്നത് ഭയാനകം തന്നെയാണ്. വ്യക്തിയെന്ന നിലയില്‍ മാനസിക സമ്മര്‍ദ്ദത്തിലേക്കും മെന്റല്‍ട്രോമയിലേക്കും അത്തരം അവസ്ഥകള്‍ സ്ത്രീകളെ തള്ളിവിടാറുണ്ട്. ഇവയെ ധൈര്യപൂർവം നേരിടുക എന്നതല്ലാതെ മറ്റു മാർഗങ്ങളില്ല.
ഈ സാഹചര്യങ്ങളെ മറികടക്കാന്‍ സ്ത്രീകള്‍ സ്വയം പ്രതിരോധത്തിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്? എങ്ങനെയാണവ പ്രാവര്‍ത്തികമാക്കേണ്ടത്? ‘be bold for change” മാറ്റങ്ങള്‍ക്കായി സ്ത്രീകള്‍ക്ക് എങ്ങനെയാണ് ധൈര്യപൂര്‍വം നില്‍ക്കാനാവുക? ബസിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോള്‍, പൊതുഇടങ്ങളില്‍ ഇടപഴകുമ്പോള്‍ സ്വയരക്ഷയ്ക്കായി സേഫ്റ്റി പിന്നും, കോമ്പസുമൊക്കെ ഉപയോഗിച്ചിരുന്ന കാലഘട്ടത്തില്‍ നിന്നും പെപ്പര്‍ സ്‌പ്രേയിലേക്കും അലാറം കീ ചെയ്‌നുകളിലേക്കുമൊക്കെ പ്രതിരോധ ഉപകരണങ്ങള്‍ മാറിയ സമയമാണിത്. ഇന്നും സ്ത്രീകള്‍ക്ക് സ്ഥലവും സമയവും നോക്കാതെ സധൈര്യം പുറത്തിറങ്ങി നടക്കാനാവുന്നില്ല എന്നത് സൂചിപ്പിക്കുന്നത് ലിംഗസമത്വത്തിലേയ്ക്ക് നമ്മുടെ സമൂഹം ഇനിയും പരുവപ്പെട്ടിട്ടില്ല എന്നു തന്നെയാണ്. ആത്യന്തികമായി മാറേണ്ടത് സമൂഹത്തിന് സ്ത്രീകളോടുള്ള സമീപനമാണ്.
എന്നാല്‍ പൊതു ഇടങ്ങളില്‍ പോലും സ്ത്രീകളും കുട്ടികളും സുരക്ഷിതമല്ലാത്ത കാലത്ത് ശരീരികമായും മാനസികമായും സ്വയം പ്രതിരോധത്തിനുള്ള കരുത്ത് ആര്‍ജിക്കേണ്ടതുണ്ട്. സ്വയം പ്രതിരോധ ഉപകരണങ്ങള്‍ ഉപയോഗിച്ച് എങ്ങനെ സുരക്ഷിതരായിരിക്കാന്‍ കഴിയുമെന്ന് സ്ത്രീകള്‍ അറിഞ്ഞിരിക്കണം.
സ്വയം പ്രതിരോധ ഉപകരണങ്ങള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന കാലം
സ്ത്രീകള്‍ക്കായുള്ള പല സ്വയംപ്രതിരോധ ഉപകരണങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ പലര്‍ക്കും ഇതേക്കുറിച്ച് ധാരണയില്ല. പെപ്പര്‍ സ്‌പ്രേ, പേഴ്‌സണല്‍ അലാറം കീ ചെയിനുകള്‍, ക്യാറ്റ് ഇയേഴ്‌സ് കീ ചെയ്ന്‍, കുബാറ്റണ്‍സ് തുടങ്ങിയ കയ്യില്‍ കരുതാന്‍ കഴിയുന്ന സ്വയം പ്രതിരോധ ഉപകരണങ്ങള്‍ ലോകത്ത് പലയിടത്തും സുപരിചിതമാണ്. സ്റ്റണ്‍ ഗണ്‍സ് പോലുള്ളവ നിയമപരമായി നമുക്ക് കൈവശംവയ്ക്കാൻ അവകാശമില്ല. മറ്റുരാജ്യങ്ങളിൽ ഇവയെല്ലാം സ്ത്രീകൾ പ്രതിരോധ ഉപകരണങ്ങളായി ഉപയോഗിച്ചുവരുന്നുണ്ട്. പ്രധാനപ്പെട്ട ചില ഉപകരണങ്ങളുടെ ഉപയോഗവും നമ്മുടെ രാജ്യത്തെ നിയമസാധുതയും പരിശോധിക്കാം.
പെപ്പര്‍ സ്‌പ്രേ
സ്ത്രീകള്‍ക്ക് കൂടുതല്‍ അറിയാവുന്നതും മികച്ചതുമായ സ്വയം പ്രതിരോധ ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് പെപ്പര്‍ സ്‌പ്രേ. മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാത്ത ഒന്നാണിത്. എന്നാല്‍ അക്രമകാരിയെ നേരിടാന്‍ വളരെ ഫലപ്രദവുമാണ്. മറ്റുചില രാജ്യങ്ങളില്‍ നിയമവിരുദ്ധമെങ്കിലും ഇന്ത്യയില്‍ പെപ്പര്‍ സ്‌പ്രേ കയ്യില്‍ കരുതുന്നത് കുറ്റകരമല്ല. സ്വയരക്ഷയ്ക്കായി പല സ്ത്രീകളും ഇത് കരുതാറുമുണ്ട്. പേരിലൊരു പെപ്പര്‍ ഉണ്ടെന്നുകരുതി ഇതിനുള്ളില്‍ അടങ്ങിയിരിക്കുന്നത് കുരുമുളകല്ല. മുളകുചെടിയില്‍ നിന്നുൽപാദിപ്പിക്കുന്ന കാപ്സൈസിന്‍ എന്ന രാസപദാര്‍ത്ഥമാണ് പ്രധാന ഘടകം.
പേഴ്‌സണല്‍ അലാറം കീ ചെയിനുകള്‍
സ്ത്രീകള്‍ക്കുള്ള മികച്ച സ്വയം പ്രതിരോധ ഉല്‍പ്പന്നമാണ് പേഴ്‌സണല്‍ അലാറം കീ ചെയിനുകള്‍. വിലകുറഞ്ഞതും ഭാരം കുറഞ്ഞതും ചെറുതുമായ ഉപകരണമാണിത്. നിങ്ങളുടെ ബാഗിലോ പേഴ്‌സിലോ എളുപ്പത്തില്‍ ഘടിപ്പിക്കാനാകും. ഒരു പ്രശ്‌നമുണ്ടായാല്‍ ചുറ്റുവട്ടത്തുള്ളവരെയോ പൊലീസിനെയോ അറിയിക്കാന്‍ പേഴ്‌സണല്‍ അലാറം കീചെയിനുകള്‍ കൊണ്ട് സാധിക്കും. അവ പുറപ്പെടുവിക്കുന്ന ശബ്ദത്തിലൂടെ എതിരിടാന്‍ വരുന്നവരെ തടയാം. ചരട് വലിച്ചാല്‍ അലാറം കേള്‍ക്കുന്ന പേഴ്സണല്‍ അലാറമുകളും ഉണ്ട്.
കുബോട്ടൻ
സ്വയം പ്രതിരോധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു മിനി സ്റ്റിക്ക് ആണിത്. ഒരു പേനയുടെ വലുപ്പമുള്ള ഇതിന്റെ അറ്റത്ത് ഒരു കീ റിംഗ് ഘടിപ്പിച്ചിരിക്കും. ഉപദ്രവിക്കാൻ വരുന്നയാളുടെ പ്രഷർ പോയിന്റുകളിൽ കുത്താനോ തള്ളാനോ ഉപയോഗിക്കാം. സ്റ്റീൽ, അലുമിനിയം, തടി, പ്ലാസ്റ്റിക് എന്നിവയുൾപ്പെടെയുള്ള വിവിധ വസ്തുക്കളിൽ ഇത് നിർമിക്കാറുണ്ട്. അതിനാൽ വളരെ എളുപ്പത്തിൽ കയ്യിൽ സൂക്ഷിക്കാം. കാഴ്ച്ചയിൽ സൂക്ഷ്മവും രസകരവുമായ കുബോട്ടൻ സ്വയരക്ഷയ്ക്ക് കയ്യിൽ കരുതാവുന്ന ഒരുപകരണമാണ്.
സ്റ്റണ്‍ ഗണ്‍സ്
കുറ്റവാളിയെ കീഴ്പ്പെടുത്താന്‍ പൊലീസും നിയമപാലകരും ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാരകമല്ലാത്ത ആയുധങ്ങളില്‍ ഒന്നാണ് സ്റ്റണ്‍ ഗണ്‍സ്. അതിനാല്‍, ഒരു അക്രമകാരിയെ നേരിടേണ്ടിവന്നാല്‍ സ്റ്റണ്‍ ഗണ്‍സ് സ്ത്രീകള്‍ക്ക് വളരെ ഫലപ്രദമായ സ്വയം പ്രതിരോധ ഉപകരണമാകുമെന്നതില്‍ സംശയമില്ല. ചെറിയ രീതിയില്‍ വൈദ്യുതാഘാതം നല്‍കി, കാര്യമായ പരിക്കേല്‍പ്പിക്കാതെ അക്രമകാരിയെ നേരിടാന്‍ ഇത് സഹായകമാണ്. ചുരുങ്ങിയ സമയത്തേക്ക് എതിരാളിയെ നിശ്ചലമാക്കാന്‍ കഴിയുന്ന ഒരു ഉപകരണമാണിത്. എന്നാല്‍ ഇന്ത്യന്‍ ആയുധനിയമപ്രകാരം, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ സ്റ്റണ്‍ ഗണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. പൊതുജനങ്ങള്‍ക്ക് ഇത് ഉപയോഗിക്കാനാവില്ല. ശരിയായ അനുമതിയും നിയമപരമായ രേഖകളും ഇല്ലാതെ സ്റ്റണ്‍ ഗണ്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്.
ശ്യാം ചൗരസ്യ എന്ന ഉത്തർപ്രദേശുകാരൻ നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സ്വയം പ്രതിരോധ കിറ്റ് രൂപകൽപ്പന ചെയ്തത് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സ്മാർട്ട് പേഴ്സ് ഗൺ എന്നുപേരിട്ടിരിക്കുന്ന സ്വയം പ്രതിരോധ കിറ്റിൽ പഴ്‌സും ചെരുപ്പുകളും ലിപ്സ്റ്റിക്കും കമ്മലുമാണുള്ളത്. ആക്രമണമുണ്ടായാൽ ഇതുപയോഗിച്ച് പ്രതിരോധിക്കാൻ കഴിയുമെന്നാണ് ശ്യാം ചൗരസ്യ അവകാശപ്പെടുന്നത്. ഇത് കാണാൻ സാധാരണയൊരു തോക്ക് പോലെയാണ്. ഹാൻഡ് ബാഗിലെ ചുവന്ന ബട്ടൺ വെടിയുതിർക്കാൻ ഉപയോഗിക്കുന്നു. ഇത് അമർത്തുമ്പോഴുണ്ടാകുന്ന വലിയ ശബ്ദം ചുറ്റുമുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ സഹായിക്കും. എന്നാൽ യഥാർഥ ബുള്ളറ്റല്ല ഇതിനായി ഉപയോഗിക്കുന്നത്. കിറ്റിനുള്ളിലെ ചെരുപ്പും സമാനമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇതിനുള്ളിൽ ബ്ലൂ ടൂത്ത് സംവിധാനം കൂടിയുണ്ട്. കമ്മലിൽ ജിപിഎസ് ട്രാക്കിംഗ് സംവിധാനവും എമർജൻസി കോൾ ഫീച്ചറുമുണ്ട്.
ഒരാളെ മര്‍ദിച്ചാല്‍ നിയമ നടപടിക്ക് വിധേയമാക്കില്ലേയെന്ന ചോദ്യം ഇവിടെ ഉയര്‍ന്നേക്കാം. എന്നാല്‍ സ്വയ രക്ഷക്കായി അക്രമിയെ ആവശ്യമായ അളവില്‍ മാത്രം പ്രഹരമേല്‍പ്പിക്കുന്നതിന് നിയമ പരിരക്ഷയുണ്ട്.
സ്വയം പ്രതിരോധ പരിശീലനവും അതിനുള്ള ഉപകരണങ്ങളുടെ പരിശീലനവും സ്ത്രീകള്‍ നേടിയെടുക്കേണ്ടതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുതിയകാലത്ത് സജീവമാണ്. പെണ്‍കുട്ടികളുടെ മാനസിക ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ക്ലാസുകള്‍ പഠനത്തിനൊപ്പം തന്നെ നല്‍കേണ്ടതുണ്ട്. താന്‍ സ്വയം സംരക്ഷിക്കുമെന്ന ആത്മവിശ്വാസമാണ് സ്വയം പ്രതിരോധ പരിശീലനത്തിലൂടെ സ്ത്രീകള്‍ ആര്‍ജിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന ആക്രമണങ്ങളെ ഇതിലൂടെ പ്രതിരോധിക്കാനാവും. സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന വനിതകള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടികളും പരമാവധി ഉപയോഗപ്പെടുത്താം.
സ്ത്രീകളെയും പെണ്‍കുട്ടികളെയും സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കുന്നതിലേക്കായി പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടികളുമുണ്ട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുറ്റകൃത്യങ്ങളെ തിരിച്ചറിയാനും അവയെ സ്വയം പ്രതിരോധിക്കാനും ആവശ്യമായ പരിശീലനം കേരള പൊലീസ് നല്‍കുന്നു. സ്വയം പ്രതിരോധത്തിന്റെ ആവശ്യകത, അതിക്രമസാഹചര്യങ്ങളെ എങ്ങനെ തിരിച്ചറിയാം, അക്രമികളെ എങ്ങനെ അകറ്റി നിര്‍ത്താം, മാനസികമായും കായികമായും അതിക്രമ സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പ്രതിരോധ മുറകളും തുടങ്ങി സ്വയം പ്രതിരോധത്തിനാവശ്യമായ സമഗ്രമായ പരിശീലനമാണ് നല്‍കുന്നത്. ഇതിനു പുറമെ സൈബര്‍ സുരക്ഷ, ലഹരി ഉപയോഗവും ദോഷങ്ങളും, പൊലീസിന്റെ വിവിധ സേവനങ്ങള്‍, നിയമ അവബോധം തുടങ്ങിയ വിഷയങ്ങളും ഉള്‍പ്പെടുന്നതാണ് പരിശീലനം. നിങ്ങള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്ത് സൗജന്യമായി പരിശീലനം ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രത്യേക പരിശീലനം ലഭിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ ടീം നല്‍കുന്ന പരിശീലനം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ലഭ്യമാണ്.
”പെട്ടെന്നൊരു അക്രമമുണ്ടായാല്‍ അതിനെ എങ്ങനെ നേരിടാം എന്നതിനെപ്പറ്റിയാണ് ക്ലാസെടുക്കുന്നത്. സ്‌കൂള്‍, കോളേജുകള്‍, വനിതാ കൂട്ടായ്മ തുടങ്ങിയ ഇടങ്ങളില്‍ പോയി ക്ലാസെടുക്കും. ആദ്യം ഒരു അവബോധ ക്ലാസ് നല്‍കും. തുടര്‍ന്നാണ് പ്രാക്ടിക്കല്‍ ക്ലാസുകളിലേക്കുള്‍പ്പടെ കടക്കുന്നത്. കൈമുട്ടുകള്‍, കാലുകള്‍ എന്നിവ കൊണ്ട് എങ്ങനെ പ്രതിരോധം തീര്‍ക്കാം എന്നതാണ് പ്രധാനമായും പഠിപ്പിക്കുന്നത്. ആയുധമില്ലാതെ സ്വയം പ്രതിരോധിക്കാനും അക്രമിയെ നിശ്ചലമാക്കാനും പഠിക്കാം”, എ ജയമേരി (അസിസ്റ്റന്‍ഡ് സബ്ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്) ഈ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയതിങ്ങനെയാണ്.
ഏതൊരവസ്ഥയിലും ധൈര്യം കൈവിടാതെ അക്രമികളെ പ്രതിരോധിക്കാന്‍ കുട്ടികളെയും സ്ത്രീകളെയും സജ്ജരാക്കുകയെന്നത് ഈ കാലഘട്ടത്തില്‍ അനിവാര്യമാണ്. കരാട്ടെ, കളരി, യോഗ മറ്റ് ആയോധന വിദ്യകള്‍ എന്നിവ സ്വയംപ്രതിരോധത്തിന്റെ ഭാഗമായി പരിശീലിപ്പിക്കുന്ന നിരവധി പദ്ധതികളും നിലവിലുണ്ട്.
സ്വയം പ്രതിരോധിക്കുക എന്നത് ഒരു സ്ത്രീയുടെ ആവശ്യമായി മാറുന്നത് സമൂഹത്തിന്റെ അനാരോഗ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സ്വയം പ്രതിരോധമാർഗങ്ങളില്ലാതെ തന്നെ സ്ത്രീകള്‍ ഏതുനേരത്തും എവിടെയും സുരക്ഷിതരായി സഞ്ചരിക്കുന്ന കാലം ഉണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കാം.