ദളിത് ക്രൈസ്തവർക്ക് സംവരണം ആവശ്യപ്പെട്ട് സി എസ് ഡി എസ് രണ്ടാം ഘട്ട സമരത്തിലേയ്ക്ക്
സംസ്‌ഥാന നേതൃത്വ ക്യാമ്പിൽ കേന്ദ്ര സംസ്‌ഥാന സർക്കാരുകൾക്ക് രൂക്ഷ വിമർശനം
കോട്ടയം : കേരളത്തിലെ മുപ്പത് ലക്ഷത്തോളം വരുന്ന പരിവർത്തിത ക്രൈസ്തവർക്ക് തൊഴിൽ വിദ്യാഭ്യാസ അധികാര മേഖലകളിൽ പ്രത്യേക സംവരണ ആവശ്യപ്പെട്ട് സംസ്‌ഥാന വ്യാപകമായി രണ്ടാം ഘട്ട പ്രക്ഷോഭം ആരംഭിക്കുമെന്ന് കോട്ടയം പാമ്പാടിയിൽ ചേർന്ന ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ്) സംസ്‌ഥാന നേതൃത്വ ക്യാമ്പ് പ്രഖ്യാപിച്ചു.
ജനുവരി 15 മുതൽ സംസ്‌ഥാന വ്യാപകമായി ജില്ലതല പ്രചാരണ ജാഥകളും ജനുവരി 29 ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന സെക്രട്ടറിയെറ്റ് മാർച്ചും സംഘടിപ്പിക്കും. പാർലിമെന്റ് അംഗങ്ങൾക്കും നിയമ സംഭ അംഗങ്ങൾക്കും നിവേദനവും സമർപ്പിക്കും.
ബീഹാർ മോഡലിൽ കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നും നേതൃത്വ ക്യാമ്പ് ആവശ്യപ്പെട്ടു.
സംവരണത്തിന് എതിരെ ജി സുകുമാരൻ നായർ നടത്തിയ പ്രസ്താവന ജനാധിപത്യ വിരുദ്ധമാണെന്നും എൻ എസ് എസ് സ്‌ഥാപനങ്ങൾക്ക് സർക്കാർ നൽകിവരുന്ന ഫണ്ടുകൾ നിർത്തലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
*കേന്ദ്ര സംസ്‌ഥാന സർക്കാരുകൾക്ക് എതിരെ രൂക്ഷ വിമർശനം*
ജാതി സെൻസസ് രാജ്യവാപകമായി നടത്തുവാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന് പറയുന്നവർ തുല്യ നീതിയെ പറ്റിയും നിലപാട് വ്യക്തമാക്കണമെന്നും ഭരണഘടന ഗുരുതരമായ വെല്ലുവിളി നേടുന്നുവെന്നും ക്യാമ്പിൽ അഭിപ്രായമുയർന്നു.
മഹാത്മാ അയ്യൻകാളിയെ സമൂഹ മാധ്യമങ്ങളിൽ കൂടി അധിക്ഷേപിച്ചവരെ അറസ്റ്റ് ചെയ്യാൻ കഴിയാഞ്ഞ നടപടി അപലപനീയമാണ്. മന്ത്രി കെ രാധാകൃഷ്ണന് എതിരെ നടന്ന അയിത്ത ആചരണം നവോത്ഥാന കേരളത്തിന് അപമാനമായെന്നും ക്യാമ്പിൽ വിമർശനം ഉയർന്നു. പരിവർത്തിത ക്രൈസ്തവ കോർപ്പറേഷന് നൽകിയ ബജറ്റ് വിഹിതം അപര്യാപ്തം ആണെന്നും അഭിപ്രായം ഉയർന്നു.
ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പട്ടികജാതി വിദ്യാർത്ഥികൾ നേരിടുന്നത് സമാനതകളില്ലാത്ത വിവേചനമാണെന്നും സംവരണ അട്ടിമറി വ്യാപകമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
വിവിധ ജില്ലകളിൽ നിന്നായി രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുത്തു.
ക്യാമ്പിന് മുന്നോടിയായി പുഷ്‌പ്പാർചനയും കല്ലറ സുകുമാരൻ അനുസ്മരണവും നടത്തി
സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് അധ്യക്ഷത വഹിച്ച ക്യാമ്പ് മുൻ കേന്ദ്രമന്ത്രി കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്തു. ദളിത് ക്രൈസ്തവർക്ക് സംവരണ ആവശ്യപ്പെട്ട് ലോകസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
പാസ്റ്റർ അനിൽ കൊടിത്തോട്ടം പഠന ക്ലാസ്സ് നയിച്ചു. സി എസ് ഡി എസ് സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, വൈസ് പ്രസിഡന്റ്‌മാരായ പ്രവീൺ ജെയിംസ്, വി പി തങ്കപ്പൻ, ട്രഷറർ ഷാജി മാത്യു, യുവജന വിഭാഗം പ്രസിഡന്റ് ടി എ കിഷോർ, പ്രസന്ന ആറാണി,സി എം ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു