‘കാർഷിക സർവ്വകലാശാലയിലെ ഭരണ വിഭാഗത്തിന് കാര്യമായ പണിയില്ല’; വിവാദ പരാമർശവുമായി വിസി
തൃശൂർ: കാർഷിക സർവ്വകലാശാലയിലെ ഭരണ വിഭാഗത്തിന് കാര്യമായ പണിയില്ലെന്ന് വൈസ് ചാൻസിലർ ബി അശോക്. സർവ്വകലാശാല രജിസ്ട്രാർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു വിസിയുടെ വിവാദ പരാമർശം. സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി സർവകലാശാലയിലെ നിയമനങ്ങൾ വെട്ടിച്ചുരുക്കണമെന്നും വിസി പറഞ്ഞു.
ഇ-ഓഫീസ് പൂർണ്ണമാകുമ്പോൾ തസ്തികകൾ പരമാവധി ഒഴിവാക്കണം. സംസ്ഥാനത്ത് സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന ജോയിന്റ് രജിസ്ട്രാർ മുതൽ അസിസ്റ്റന്റ് വരെയുള്ള ഭരണ വിഭാഗം തസ്തികകളിൽ 400 പേരിൽനിന്ന് 100 പേരുടെ തസ്തികകൾ മാർച്ചിനുള്ളിൽ വെട്ടിച്ചുരുക്കാനാണ് വിസിയുടെ നിർദേശം.
അതോടൊപ്പം പുതിയ നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിക്കരുതെന്നും വിസി അറിയിച്ചു. അനാവശ്യ തസ്തികകൾ കണ്ടെത്താനും നിർത്തലാക്കാനും അതിന്റെ സ്റ്റാറ്റിസ്റ്റിക്സ് തയ്യാറാക്കാനുമായി കാലാവസ്ഥ പഠന വിഭാഗം പ്രൊഫസറിനെ ചുമതലപെടുത്തണമെന്നും വിസി ആവശ്യപ്പെട്ടു.