ആടിയുലഞ്ഞ് വൈദ്യുതി തൂണുകൾ;അപകടം അരികെ
ചിലന്തിവലപോലെ നാലുദിക്കിലേക്കും കടന്നുപോകുന്ന വൈദ്യുതി ലൈനിന്റെ ബലത്തിൽ മാത്രം നിൽക്കുന്ന വൈദ്യുതി തൂണുകൾ അപകടഭീഷണി ഉയർത്തുന്നു. വയലാർനഗർ,ആനക്കണ്ടം,റെഞ്ചുമേട്, പതിവ്കണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ അനവധി പോസ്റ്റുകളാണ് ഏതുനിമിഷവും നിലംപൊത്താറായി നിൽക്കുന്നത്.
വയലാർനഗറിലും പരിസര പ്രദേശങ്ങളിലും ഇരുമ്പ് വൈദ്യുതി തൂണുകൾ നശിച്ചു. മേഖലയിൽ വൈദ്യുതി എത്തിയകാലത്ത് സ്ഥാപിച്ച പോസ്റ്റുകളാണ് അധികവും. തടി പോസ്റ്റുകളിൽ മിക്കതും ദ്രവിച്ചതാണ്. ചുവടുഭാഗം തുരുമ്പെടുത്ത് നിൽക്കുന്ന നിരവധി ഇരുമ്പ് പോസ്റ്റുകളും ഒടിഞ്ഞുവീഴാറായതും ചരിഞ്ഞതുമായ പോസ്റ്റുകളുമുണ്ട്.
ആനക്കണ്ടം- പതിവ്കണ്ടം – ചേറ്റുകുഴി റോഡിലാണ് ഏറ്റവും അപകടഭീഷണി ഉയർത്തി വൈദ്യുതി പോസ്റ്റുകൾ നിൽക്കുന്നത്.വയലാർ നഗർ കമ്മ്യൂണിറ്റി ഹാളിന് സമീപമുള്ള രണ്ട് ട്രാൻസ്ഫോർമറുകളുടെ പോസ്റ്റ് ചുവട് ദ്രവിച്ച് ഏതുനിമിഷവും വീഴാവുന്ന സ്ഥിതിയിലാണ്. ഉൾപ്രദേശങ്ങളിലെ അപകടകരമായ പോസ്റ്റുകൾ സ്റ്റേ കമ്പികൾ ഉപയോഗിച്ച് സമീപത്തെ മരത്തിൽ കെട്ടിനിർത്തുകയാണ് പതിവ്.