വെള്ളൂർ കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡിലെ തീപിടുത്തം; അട്ടിമറി സംശയം ഉന്നയിച്ച് തൊഴിലാളികൾ
കോട്ടയം: വൈക്കം വെള്ളൂർ കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡിലെ തീപിടുത്തം അട്ടിമറിയെന്ന സംശയം ഉന്നയിച്ചു തൊഴിലാളികൾ രംഗത്ത്. മതിയായ സുരക്ഷ ഉറപ്പുവരുത്താതെ തൊഴിലെടുക്കാനാകില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ. തീപിടുത്തത്തിൽ സുതാര്യവും സത്യസന്ധവുമായ അന്വേഷണം വേണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.
തീപിടുത്തമുണ്ടായ ദിവസം പ്ലാൻ്റിൽ വൈകുന്നേരം വരെ പ്രവർത്തിച്ചിരുന്ന സിസിടിവി അഞ്ചരയ്ക്ക് ശേഷം നിശ്ചലമായി. തീ പിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നതിനും വിശ്വാസയോഗ്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. ദിനം പ്രതി 320 ടൺ കടലാസ് ഉത്പാദിപ്പിച്ചിരുന്ന യന്ത്രം തീപിടുത്തമുണ്ടായ ദിവസം 270 ടൺ ശേഷിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഈ വസ്തുതകൾ കണക്കിലെടുത്താൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.
തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കാൻ കലക്ടർ നിയോഗിച്ച വിദഗ്ധരുടെ സംഘം പരിശോധനക്ക് എത്തിയെങ്കിലും തൊഴിലാളികളുമായി സംസാരിക്കാൻ തയ്യാറായില്ലെന്ന ആക്ഷേപമുണ്ട്. ഒരു വർഷത്തിനിടെ വല്ലതും ചെറുതുമായ എട്ടു തീപിടുത്തങ്ങൾ കെ പി പിഎല്ലിൽ ഉണ്ടായിട്ടുണ്ട്. ആ ഘട്ടത്തിലെല്ലാം കമ്പനിക്ക് പുറത്തു നിന്നെത്തിയ അഗ്നിശമന നിയന്ത്രണങ്ങൾ ഉപയോഗിച്ചാണ് തീയണച്ചത്. സുരക്ഷാ പാളിച്ചകളിൽ നിന്ന് പാഠം ഉൾക്കൊള്ളാനും തൊഴിലാളികൾക്ക് സുരക്ഷ പരിശീലനം നൽകുന്നതിലും മാനേജ്മെൻ്റ് ശ്രദ്ധ നൽകാറില്ലെന്നുമാണ് തൊഴിലാളികൾ ആരോപിക്കുന്നത്.