വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് കെട്ടിടം ഒഴിഞ്ഞു നല്‍കാന്‍ കട്ടപ്പന നഗരസഭ നിര്‍ദേശം നല്‍കി
മാര്‍ക്കറ്റിനുള്ളില്‍ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന മുറിയിലേക്ക് യൂണിറ്റിന്റെ പ്രവര്‍ത്തനം മാറ്റാനാണ് നിര്‍ദേശം.
രണ്ട് മുറികള്‍ ഓഫിസിനായി അനുവദിച്ചിട്ടുണ്ടെന്നും ഇവയ്ക്ക് നഗരസഭ നിശ്ചയിക്കുന്ന മാസവാടക നല്‍കണമെന്നും വ്യക്തമാക്കിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 15 ദിവസത്തിനകം ടൗണ്‍ ഹാളിലെ മുറി ഒഴിയണമെന്ന് വ്യക്തമാക്കി സെപ്റ്റംബര്‍ 27നാണ് നഗരസഭാ സെക്രട്ടറി കത്ത് നല്‍കിയിരിക്കുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ 18 പേരാണ് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഒരു സ്ഥിരം ജീവനക്കാരി ഉള്‍പ്പെടെ 13 പേര്‍ വനിതകളാണ്. നിലവില്‍ അനുവദിച്ചിരിക്കുന്ന കെട്ടിടത്തില്‍ ശുചിമുറി സൗകര്യം പോലും ഇല്ലാത്തതിനാല്‍ ഇവര്‍ക്കെല്ലാം ബുദ്ധിമുട്ട് നേരിടുമെന്ന് ആക്ഷേപം ഉയരുന്നുണ്ട്. കെമിക്കലുകള്‍ ഉള്‍പ്പെടെ സൂക്ഷിക്കുന്ന ഓഫിസ് മാര്‍ക്കറ്റിനുള്ളിലേക്ക് മാറ്റുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നു.
ഡെങ്കിപ്പനി വ്യാപനത്തെ തുടര്‍ന്ന് 2018ലാണ് കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം കട്ടപ്പനയില്‍ ആരംഭിച്ചത്. മിനി സിവില്‍ സ്‌റ്റേഷന്‍ പൂര്‍ത്തിയായാല്‍ അവിടേയ്ക്ക് മാറാമെന്ന വ്യവസ്ഥയിലാണ് യൂണിറ്റ് പ്രവര്‍ത്തിക്കാനായി ടൗണ്‍ ഹാളിലെ മുറി താല്‍ക്കാലികമായി വിട്ടുനല്‍കിയതെന്നായിരുന്നു നഗരസഭയുടെ നിലപാട്. ഇതിന് നടപടി ഉണ്ടായില്ലെന്ന് ആരോപിച്ച് ഏതാനും മാസം മുന്‍പ് മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭയില്‍ നിന്ന് കത്ത് നല്‍കുകയും പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയുമായിരുന്നു.