സിബിഐ ഡയറിക്കുറിപ്പിന് ആറാം ഭാഗം; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സംവിധായകൻ കെ മധു
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരീസ് ‘സിബിഐ ഡയറിക്കുറിപ്പി’ന് ആറാം ഭാഗമുണ്ടെന്ന് സംവിധായകൻ കെ മധു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സംവിധായകൻ പറഞ്ഞു. മസ്ക്കറ്റിൽ വെച്ചു നടന്ന ഹരിപ്പാട് കൂട്ടായ്മയുടെ വാർഷികാഘോഷ പരിപാടിയിലായിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ച് ഭാഗങ്ങളും പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ആറാം ഭാഗംകൂടി വരുന്നതോടെ പുതിയ റെക്കോർഡാണ് ചിത്രം സ്വന്തമാക്കാൻ പോകുന്നത്. സിനിമയുടെ മറ്റ് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മമ്മൂട്ടി ആരാധകർക്ക് ഇത് സന്തോഷ വാർത്തയാണ്. ‘സിബിഐ 5 ദ ബ്രെയ്ൻ’ ആയിരുന്നു ഈ സീരീസിലെ അവസാന ചിത്രം. മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് അഞ്ചാം ഭാഗത്തിന് വേണ്ട വിധത്തിലുള്ള സ്വീകാര്യത ബോക്സ് ഓഫീസിൽ ലഭിച്ചില്ലെങ്കിലും പഴയ സേതുരാമയ്യരെ അണുവിട വ്യത്യസമില്ലാതെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പ്രകടനത്തിന് കൈയ്യടി ലഭിച്ചിരുന്നു.
എസ് എൻ സ്വാമി ഒരുക്കിയ തിരക്കഥയിൽ സ്വർഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിച്ചത്. മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവായിരുന്നു സിബിഐയുടെ അഞ്ചാം ഭാഗം. സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാല് ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസിൽ തരംഗമായതോടെ 1989-ൽ ‘ജാഗ്രത’ എന്ന പേരിൽ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. പ്രതീക്ഷ തെറ്റിക്കാതെ ജാഗ്രതയും ബോക്‌സോഫീസ് ഹിറ്റായി മാറി. പിന്നീട് 2004-ലാണ് ‘സേതുരാമയ്യർ സിബിഐ’ എത്തുകയും 2005-ൽ ‘നേരറിയാൻ സിബിഐ’ റിലീസും ചെയ്തു. നാലുഭാഗങ്ങളും പ്രദർശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂർവചിത്രമെന്ന റെക്കോഡും സേതുരാമയ്യർക്ക് സ്വന്തമാണ്.