ആദിവാസി യുവാവിനെതിരെ കള്ളക്കേസ്; പ്രതിയായ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി
ദില്ലി: കാട്ടിറച്ചി കെെവശം വച്ചെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ കേസിലെ പ്രതിയായ വനം വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി. കേസിലെ പതിനൊന്നാം പ്രതിയും മുൻ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ബി രാഹുല്‍ നല്കിയ മുൻകൂര്‍ ജാമ്യപേക്ഷ പരിഗണിച്ചാണ് ഉടൻ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദ്ദേശം. രാഹുല്‍ നല്കിയ മൂൻകൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.
ജസ്റ്റിസ് സഞ്ജയ് കിഷൻ കൗള്‍ അധ്യക്ഷനായ ബെഞ്ചിൻ്റെയാണ് നടപടി. കള്ളക്കേസില്‍ ആദിവാസി യുവാവ് സരുണിനെ ഉള്‍പ്പെടുത്തിയെന്ന പരാതിയില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥൻ രാഹുലിൻ്റെ വാദം. രാഹുലിനായി മുതിര്‍ന്ന അഭിഭാഷകൻ ജയദ്ദീപ് ഗുപ്ത, അഭിഭാഷകൻ ജിഷ്ണു എം എല്‍ എന്നിവരാണ് ഹാജരായത്. ഇടുക്കി കണ്ണംപടി മുല്ല ആദിവാസി കോളനിയിലെ പുത്തൻപുരയ്ക്കല്‍ സരുണ്‍ സജിക്കെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കള്ളക്കേസ് ചുമത്തിയെന്നാണ് പരാതി. 2022 സെപ്തംബര്‍ 20ന് കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു ഇത്.
ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിക്കൊണ്ടുവന്ന് വില്പന നടത്തി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. പത്ത് ദിവസത്തെ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയ വിവരം യുവാവ് നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഭാഗമായി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പിന്നാലെയാണ് സരുണിന് എതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസര്‍ അടക്കം ഏഴ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്പെൻഡും ചെയ്തിരുന്നു. കള്ളക്കേസെടുത്ത നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സരുണ്‍ സജി നല്കിയ പരാതിയില്‍ 13 വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തു.