പോലീസിനെതിരെ കാർട്ടൂൺ വരച്ചതിന് കേസെടുത്ത സംഭവം ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമെന്ന് കട്ടപ്പന ഡെവലപ്പ്മെന്റ് ഫോറം
കട്ടപ്പന: ട്രാഫിക് എസ്.ഐ വ്യാപകമായി ഡ്രൈവർമാരിൽ നിന്നും പിഴ ഈടാക്കുന്നതിനെതിരെ കാർട്ടൂണിസ്റ്റ് സജിദാസ് മോഹൻ കാർട്ടൂൺ വരച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.കാർട്ടൂണിസ്റ്റ് സജിദാസ് മോഹനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കാർട്ടൂണിന് താഴെ വനിത എസ്.ഐക്കെതിരെ കമൻറ് ചെയ്ത മൂന്നുപേർക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് അനുസരിച്ച് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസ്.
കട്ടപ്പന വനിത ട്രാഫിക് എസ്.ഐ ടൗണിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നിരവധി പെറ്റിക്കേസുകൾ ചുമത്തിയിരുന്നു.ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.കാർട്ടൂണിസ്റ്റ് സജിദാസ് മോഹൻ കട്ടപ്പന സർവീസ് സഹകരണ ബാങ്കിന് എതിർവശത്തായി വാഹനത്തിൽ ഇരിക്കെ കഴിഞ്ഞ ദിവസം ട്രാഫിക്ക് എസ്.ഐ വാഹനത്തിന്റ് ചിത്രമെടുത്തു.മെഡിക്കൽ സ്റ്റോറിൽ മരുന്നു വാങ്ങാൻ എത്തുന്നവരടക്കമുള്ളവർക്ക് സ്ഥിരമായി പിഴ അടക്കേണ്ടിവരുന്നത് നിത്യ സംഭവമായിരുന്നു.
ഇതിനെതിരെ കാർട്ടൂൺ വരച്ച് സജിദാസ് ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ട് പ്രതിക്ഷേധിക്കുകയും ചെയ്തു. ഇതിനിടയിൽ
ട്രാഫിക്ക് എസ്.ഐക്കെതിരെ വ്യാപക പ്രതിക്ഷേധമുയരുകയും എ.ഐ.വൈ.എഫ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുവാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
പിന്നീട് ഡി.വൈ.എസ്.പിയുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്.
നവമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കാർട്ടൂണിസ്റ്റിനെതിരെയുള്ള പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിക്ഷേധമാണുയരുന്നത്.ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് കാർട്ടൂണിസ്റ്റ് സജിദാസിന് എതിരെയുള്ള നടപടിയെന്നും പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുമെന്നും കട്ടപ്പന ഡെവലപ്മെന്റ് ഫോറം ഭാരവാഹികൾ പറഞ്ഞു.