ജയിലറെ ആക്രമിച്ച കേസ്: ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി
കണ്ണൂർ: വിയ്യൂരിൽ ജയിലറെ ആക്രമിച്ച കേസിൽ ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി. ആഭ്യന്തരവകുപ്പാണ് കാപ്പ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. ജയിലറെ ആക്രമിച്ച കേസ് കാപ്പ ചുമത്താൻ പര്യാപ്തമല്ലെന്ന് ഉത്തരവിൽ പറയുന്നു. സെപ്തംബർ 13നാണ് ആകാശിനെതിരെ രണ്ടാമതും കാപ്പ ചുമത്തിയത്. മകളുടെ പേരിടൽ ചടങ്ങിനിടെ ആകാശിനെ കസ്റ്റഡിയിലെടുത്തിരുന്നു. കാപ്പ ഒഴിവാക്കിയതിന് പിന്നിൽ സമ്മർദ്ദമുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. ആകാശിനെ പിന്തുണച്ച് തില്ലങ്കേരിയിലെ സിപിഐഎം പ്രവർത്തകർ രാജിഭീഷണി മുഴക്കിയെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് കാപ്പ ഒഴിവാക്കിയതെന്നും ആരോപണമുണ്ട്.
2023 ഫെബ്രുവരിയില്‍ നവമാധ്യമങ്ങളില്‍ കൂടി സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പടെയുള്ള കേസില്‍ കാപ്പ വകുപ്പ് ചുമത്തി ആകാശിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെയാണ് ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആകാശ് ജയിലറെ മര്‍ദ്ദിക്കുന്നത്. അസിസ്റ്റന്റ് ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്. ആദ്യ കേസില്‍ ശിക്ഷാ കാലാവധി പൂര്‍ത്തീകരിച്ച് പുറത്തിറങ്ങി രണ്ടാഴ്ച കഴിയും മുമ്പാണ് ജയിലറെ മര്‍ദ്ദിച്ച കേസില്‍ ഗുണ്ടാ ആക്ട് ഉള്‍പ്പെടെ ചുമത്തി മുഴക്കുന്ന് പൊലീസ് ആകാശിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നത്.