ആവർത്തന വിരസത തോന്നിപ്പിക്കാത്ത ‘നാടൻ നടൻ’; ഓർമ്മകളിൽ ശങ്കരാടി
1960 കളുടെ അവസാനം. സംവിധായകനും നിർമ്മാതാവുമായ കുഞ്ചാക്കോ തന്റെ പുതിയ ചിത്രമായ കടലമ്മ ഒരുക്കുന്ന സമയം. നായകനായ സത്യന്റെ അച്ഛൻ വേഷം ചെയ്യാൻ 27 വയസ്സുകാരനായ ചന്ദ്രശേഖരമേനോൻ എന്ന വ്യക്തിയെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഇടതുപക്ഷത്തിന്റെ സന്തതസഹചാരിയായ ചന്ദ്രശേഖരമേനോൻ നാടക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന സമയമായിരുന്നു അത്. കുഞ്ചാക്കോയുടെ സെലക്ഷൻ തെറ്റിയില്ലെന്ന് ഉറപ്പിച്ചുകൊണ്ട് അടുത്ത ഏതാനും വർഷങ്ങൾ കൊണ്ട് അയാൾ മലയാള സിനിമയിലെ ശ്രദ്ധേയരായ അഭിനേതാക്കളിൽ ഒരാളായി മാറി. കുറച്ച് വർഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ അയാൾ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറി. ആരെക്കുറിച്ചാണ് ഈ പറയുന്നത് എന്ന സംശയത്തിലാണോ? ‘എനിക്ക് അറിയാം ഇവന്റെ ഇവന്റെ അച്ഛന്റെ പേര് ഭവാനിയമ്മന്നാ…’ മിന്നാരത്തിലെ പ്രസിദ്ധമായ ഈ ഡയലോഗ് പറഞ്ഞതാരാണെന്ന് ഓർമയില്ലേ, അതേയാളെക്കുറിച്ച് തന്നെ. മലയാളത്തിന്റെ സ്വന്തം ശങ്കരാടി…
മലയാള സിനിമയിൽ ‘തനി നാടൻ നടൻ’ എന്ന് വിളിക്കാം അദ്ദേഹത്തെ. നാട്ടിൻ പുറത്തിന്റെ നിഷ്കളങ്കതയും നന്മയുമെല്ലാം ഇത്രയും സ്വാഭാവികമായി അഭ്രപാളിയിൽ എത്തിച്ച മറ്റൊരു നടനില്ലെന്ന് നിസംശയം പറയാം. അതുകൊണ്ട് തന്നെയാണ് ‘തെങ്ങും കവുങ്ങും വാഴയുമൊക്കെയുള്ള ഒരു നാട്ടിൻപുറത്ത് ക്യാമറ വെച്ചാൽ അവിടെ ശങ്കരാടിയുടെ ശൂന്യത തോന്നാറുണ്ട്’ എന്ന് സത്യൻ അന്തിക്കാട് പറഞ്ഞതും. മഴവിൽക്കാവടിയിലെ വർക്കിയും പൊന്മുട്ടയിടുന്ന താറാവിലെ മാധവൻ നായരും നാടോടിക്കാറ്റിലെ പണിക്കർ അമ്മാവനുമെല്ലാം നമുക്ക് പരിചിതരായ നാട്ടിൻപുറത്തെ മനുഷ്യരാണ്. ആ നാട്ടിൻപുറത്തുകാരന്റെ കുപ്പായം അഴിച്ചുവെച്ചപ്പോഴും അദ്ദേഹത്തിൽ നിന്ന് മികവുറ്റ കഥാപാത്രങ്ങളെ ലഭിച്ചിട്ടുണ്ട്. അതിരാവിലെ ജോഗ്ഗിങ്ങിന് പോയി, കയ്യിൽ കിട്ടുന്ന ഇരകളെ കത്തിവെച്ച് കൊല്ലുന്ന സുഖമോ ടിവിയിലെ ക്യാപ്റ്റൻ രാജശേഖരൻ അതിനൊരു ഉദാഹരണമാണ്.
തന്റെ അഭിനയ ജീവിതത്തിൽ 700 ലധികം സിനിമകളിലാണ് അദ്ദേഹം നിറഞ്ഞാടിയത്. അതിൽ പലതും ആവർത്തന വിരസത തോന്നിയേക്കാവുന്ന കഥാപാത്രങ്ങളായിരുന്നു. എന്നാൽ ആ കഥാപാത്രങ്ങൾ തമ്മിൽ സാമ്യത തോന്നിയില്ലെന്നത് തന്നെയാണ് ശങ്കരാടിയിലെ നടന്റെ വിജയവും. പൊന്മുട്ടയിടുന്ന താറാവിലെയും ഗോളാന്തര വാർത്തയിലെയും കഥാപാത്രങ്ങൾ ഏകദേശം ഒരേ സ്വഭാവമുള്ളവയാണ്. എന്നാൽ ‘ശുദ്ധ തെമ്മാടി,കണ്ണില്‍ ചോരയില്ലാത്ത തെണ്ടി,എന്തു പോക്രിത്തരവും കാണിക്കാന്‍ മടിയില്ലാത്ത ഒരു അലവലാതി…അവന്‍… ഇന്നു മുതല്‍ പുതിയ ഒരു മനുഷ്യനാകുകയാണ്’ എന്ന് കാരക്കൂട്ടില്‍ ദാസനെക്കുറിച്ച് പറയുന്ന പഞ്ചായത്ത് പ്രസിഡന്റിനെ മറ്റൊരു കഥാപാത്രവുമായും ആർക്കും താരതമ്യം ചെയ്യാൻ കഴിയില്ല.
സംഭാഷണ ശൈലിയിലെ വ്യത്യസ്തതയും അതിനോട് യോജിക്കുന്ന ശരീരത്തിന്റെ ചലനങ്ങളുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത. നാടോടിക്കാറ്റ് തന്നെ ഒരു ഉദാഹരണമായെടുക്കാം. ആ ചിത്രത്തിൽ ശങ്കരാടിയുടെ പണിക്കർ എന്ന കഥാപാത്രം ദാസനെയും വിജയന്റെയും മനസ്സിൽ പശു വളർത്തൽ എന്ന ആശയം കൊണ്ടുവരികയാണ്. അതിന് ‘ഇത്തിരി തേങ്ങ പിണ്ണാക്ക്… ഇത്തിരി പരുത്തി കുരു… ഇത്തിരി തവിടു ഇത്രേം കൊടുത്താൽ പിന്നെ പാൽ ശറ പറന്നിങ്ങാട് ഒഴുക്കായി…’ എന്നാണ് പണിക്കർ പറയുന്നത്. ശങ്കരാടിയുടെ ഈ ഡയലോഗിൽ ദാസനും വിജയനും മാത്രമല്ല കാണുന്ന പ്രേക്ഷകൻ പോലും പശു വളർത്തൽ അധികം അധ്വാനമില്ലാതെ ലാഭമുണ്ടാക്കാൻ കഴിയുന്ന ബിസിനസ് ആണെന്ന് വിശ്വസിക്കും.
ചിലപ്പോൾ പാവപ്പെട്ട, സ്നേഹ സമ്പന്നൻ ആയ അമ്മാവൻ ആയി മറ്റു ചിലപ്പോൾ കുശുമ്പനായ നാട്ടുവൃദ്ധൻ ആയി അങ്ങനെ നാം നമുക്ക് ചുറ്റും കണ്ടുകൊണ്ടിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ ശങ്കരാടി വെള്ളിത്തിരയിൽ എത്തിച്ചു. മലയാള സിനിമ ചരിത്രത്തിൽ സ്വാഭാവിക അഭിനയത്തിന്റെ മികവുറ്റ നിമിഷങ്ങൾ ബാക്കിവെച്ച് അദ്ദേഹം 2001 ഒക്ടോബർ എട്ടിന് അന്തരിച്ചു. എന്നാൽ ആ ദിവസം വിടവാങ്ങിയത് ചന്ദ്രശേഖരമേനോൻ എന്ന വ്യക്തിയാണ്. ശങ്കരാടി എവിടെയും പോയിട്ടില്ല, താൻ ചെയ്തുവെച്ച വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ഉള്ളിൽ തന്നെയുണ്ട്.