മലയോര ഹൈവേ നിർമ്മാണത്തെ തുടർന്ന് കട്ടപ്പന സ്കൂൾ കവല മേഖലയിൽ തടസ്സപ്പെട്ട വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം പുനസ്ഥാപിച്ചു
മലയോര ഹൈവേയുടെ രണ്ടാം ഘട്ട നിർമ്മാണം ആരംഭിച്ചതോടെയാണ് ഇരുപതാം വാർഡിൽ ഉൾപ്പെടുന്ന സ്കൂൾ കവല മേഖലയിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം തടസ്സപ്പെട്ടത്.
റോഡ് വീതി കൂട്ടലിന്റെ ഭാഗമായി വെള്ളമെത്തിക്കുന്ന പൈപ്പുകൾ മാറ്റിയതാണ് തടസ്സം നേരിടാൻ കാരണമായത്. വിതരണം തടസ്സപ്പെട്ടതോടെ വയോധിക ദമ്പതികൾ അടക്കം നിരവധിപേർ ബുദ്ധിമുട്ടിലാകുകയും ചെയ്തിരുന്നു.
ഇതേ തുടർന്ന് വാർഡ് കൗൺസിലർ സോണിയ ജെയ്ബി സാഹചര്യം മനസ്സിലാക്കി ഇക്കാര്യം കട്ടപ്പന നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്റ് ശ്രദ്ധയിൽപ്പെടുത്തി.
പിന്നാലെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായും ,മലയോര ഹൈവേയുടെ നിർമ്മാണ ചുമതലയുള്ള എഞ്ചിനീയറുമായും ചെയർപേഴ്സൺ ഫോണിൽ സംസാരിച്ച് കുടിവെള്ള വിതരണം വേഗത്തിൽ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു…..
ജല വിതരണം പുനസ്ഥാപിച്ചതിന് പിന്നാലെ നഗരസഭാ അധ്യക്ഷയും ,വാർഡ് കൗൺസിലറും ബുദ്ധിമുട്ട് നേരിട്ട വയോധിക ദമ്പതികളായ മാക്കിയിൽ രാമനെയും ഭവാനിയേയും നേരിട്ടെത്തി സംസാരിക്കുകയും ചെയ്തു. ജലവിതരണം പുനസ്ഥാപിച്ചതിൽ സന്തോഷമുണ്ടെന്ന് ദമ്പതികൾ പറഞ്ഞു….
റോഡ് നിർമ്മാണം പുരോഗമിക്കുന്നുണ്ടെങ്കിലും ജല വിതരണം തടസ്സപ്പെടരുതെന്ന നിർദ്ദേശം നഗരസഭ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഇനി തടസ്സപ്പെട്ടാൽ സ്കൂൾകവല മേഖലയിൽ വെള്ളമെത്തിച്ച് നൽകാനുള്ള സംവിധാനം ഒരുക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.