‘ജയിലിൽ കിടന്ന ആറ് വർഷം, ഒരുപാട് കാര്യങ്ങൾ പഠിച്ചു, നേരിട്ടു’; ഓർമ്മകൾ പങ്കവെച്ച് സഞ്ജയ് ദത്ത്
1993 ലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആയുധങ്ങൾ കൈവശം വച്ച കേസിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് അറസ്റ്റിലായിരുന്നു. ആറ് വർഷക്കാലമാണ് നടൻ ജയിൽവാസം അനുഭവിച്ചത്. അടുത്തിടെ സഞ്ജയ് ദത്ത് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ജയിൽവാസ കാലത്തെ അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ജയിലിൽ കിടന്ന ആറ് വർഷം താൻ ഒരുപാട് സംഭവങ്ങൾ നേരിട്ടിരുന്നുവെന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നുമാണ് സഞ്ജയ് ദത്ത് പറഞ്ഞത്.
‘ജയിൽ വാസം അനുഭവിക്കുന്ന സമയത്ത് ശിക്ഷയെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. കാരണം അവിടെ മറ്റൊരുപാട് ജോലികളുണ്ടായിരുന്നു എനിക്ക്. ജയിലിൽ കിടന്ന ആറ് വർഷം, ഒരുപാട് കാര്യങ്ങൾ നേരിടുകയും മനസിലാക്കുകയും ചെയ്തു. പാചകം, വേദപാഠം, മറ്റു ജോലികൾ പഠിക്കാൻ വേണ്ടി ആ സമയങ്ങൾ ഉപയോഗിച്ചു,’ സഞ്ജയ് ദത്ത് പറഞ്ഞു.
‘നല്ല ആരോഗ്യവാനായാണ് ഞാൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഞാൻ എത്തുമ്പോൾ ജയിലിന് പുറത്ത് എന്നെ തേടി ഫോട്ടോഗ്രാഫർമാരുടെ ഒരുനിര തന്നെയുണ്ടായിരുന്നു. അന്ന, സൽമാൻ ഖാൻ, അജയ്, ഷാറൂഖ് ഖാൻ എന്നിവർ എന്നെ കാണാനെത്തുകയും ആശംസ അറിയിക്കുകയും ചെയ്തു,’ നടൻ കൂട്ടിച്ചേർത്തു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോയാണ് സഞ്ജയുടെ പുതിയ ചിത്രം. ഒക്ടോബർ 19-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.