ഉപ്പുതറയില്‍ നിയന്ത്രണം കര്‍ശനമാക്കും
ഉപ്പുതറ: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും, പുതിയ ഡൊമസ്റ്റിക് കെയര്‍ സെന്ററുകള്‍ (ഡി.സി.സി) തുടങ്ങാനും ബുധനാഴ്ച ചേര്‍ന്ന സര്‍വ കക്ഷി യോഗം തീരുമാനിച്ചു. അടിയന്തിരമായി 100 കിടക്കകളുള്ള ഡി.സി.സികള്‍ തുടങ്ങാനാണ് തീരുമാനം. പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന
ഹോമിയോ, ആയൂര്‍വേദ ആശുപത്രികളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ സേവനം ഡി.സി.സി.കളില്‍ ഉറപ്പാക്കും.
ഉപ്പുതറ സി.എച്ച്.സി.യിലേക്കും, ഡി.സി.സി. കളിലേക്കും താല്‍ക്കാലിക അടിസ്ഥാനത്തില്‍ നാല് നഴ്സുമാരെ നിയമിക്കും. ഡി.സി.സികളില്‍ ജനറേറ്റര്‍ സൗകര്യം ഉറപ്പാക്കും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ ഏകോപനത്തിന്റെ പോരായ്മയും, റാപ്പിഡ് റസ്പോണ്ട്സ് ടീം അംഗങ്ങളുടെ നിരുത്തരവാദിത്വവും, പദവി ദുര്‍വിനിയോഗവും യോഗത്തില്‍ ചര്‍ച്ചയായി. ടാക്സിയായും, സ്വന്തം ആവശ്യങ്ങള്‍ക്കും വാഹനം നിരത്തിലിറക്കുന്നതിന് മാത്രമായി ആര്.ആര്.ടി. അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവരുടെ ഐഡന്റിറ്റി കാര്‍ഡുകള്‍ തിരിച്ചു വാങ്ങാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ.ജെ. ജയിംസ് അധ്യക്ഷനായിരുന്നു.