കിഴുകാനം ഇറച്ചിക്കേസ് മുൻ ഇടുക്കി ഡിഎഫ്‌ഒ സുപ്രീംകോടതിയില്‍
ഉപ്പുതറ: ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ മുൻ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡൻ ബി. രാഹുല്‍ സുപ്രീംകോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കി.നാലിനാണ് ജാമ്യാപേക്ഷ നല്‍കിയത്.
കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ഇടുക്കി കണ്ണംപടി മുല്ല പുത്തൻപുരയ്ക്കല്‍ സരുണ്‍ സജിയെ കുടുക്കിയ സംഭവത്തില്‍ പോലീസ് ചാര്‍ജ് ചെയ്ത കേസിലെ പതിനൊന്നാം പ്രതിയാണ് രാഹുല്‍. സരുണിനെ റിമാൻഡില്‍ വാങ്ങി കേസ് അന്വേഷണം പൂര്‍ത്തിയാക്കിയത് രാഹുലാണ്.
ഇദ്ദേഹത്തിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ സെപ്റ്റംബര്‍ 15ന് ഹൈക്കോടതി തള്ളിയിരുന്നു. ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന നിബന്ധനയോടെയാണ് കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാതെ മേല്‍കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറായില്ല.
2022 സെപ്റ്റംബര്‍ 20നാണ് കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവറായ സരുണ്‍ സജിയെ കിഴുകാനം ഫോറസ്റ്റര്‍ ബി. അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ജാമ്യത്തിലിറങ്ങിയ സരുണിന്‍റെ പരാതിയില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നടത്തിയ ഉന്നതതല അന്വേഷണത്തില്‍ കേസ് കെട്ടിച്ചമച്ചതാണെന്നു തെളിയുകയും കേസ് വനംവകുപ്പ് പിൻവലിക്കുകയും ചെയ്തു.