അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്: തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. നവംബർ രണ്ടാം വാരത്തിനും ഡിസംബർ ആദ്യവാരത്തിനും ഇടയിൽ വോട്ടെടുപ്പ് നടക്കാനാണ് സാധ്യതയെന്ന് വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ 8 നും 10 നും ഇടയിൽ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നാല് സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നേക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, മിസോറാം, തെലങ്കാന എന്നിവിടങ്ങളിലാണ് 2018ലെപ്പോലെ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുക. ഛത്തീസ്ഗഢിൽ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യതയെന്നും ഇസി വൃത്തങ്ങൾ അറിയിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെയും പോളിംഗ് തീയതികൾ വ്യത്യസ്തമായിരിക്കാം. എന്നാൽ വോട്ടെണ്ണൽ ഒരുമിച്ച് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി, രാജസ്ഥാൻ, മിസോറാം, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഇസി വിലയിരുത്തി. തെരഞ്ഞെടുപ്പിൻ്റെ സുഗമമായ നടത്തിപ്പിന് അന്തിമരൂപം നൽകുന്നതിനായി തെരഞ്ഞെടുപ്പ് ബോഡി നിരീക്ഷകരുടെ യോഗം വിളിച്ചിട്ടുണ്ട്.
മിസോറാമിലെ നിയമസഭയുടെ കാലാവധി ഈ വർഷം ഡിസംബർ 17ന് അവസാനിക്കും. ബിജെപിയുടെ സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടാണ് വടക്കുകിഴക്കൻ സംസ്ഥാനത്ത് ഭരണത്തിലുള്ളത്. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമനിർമ്മാണ സഭകളുടെ കാലാവധി അടുത്ത വർഷം ജനുവരിയോടെ അവസാനിക്കും. കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി തെലങ്കാന ഭരിക്കുമ്പോൾ, മധ്യപ്രദേശിൽ ബിജെപിയാണ് ഭരിക്കുന്നത്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസ് സർക്കാരുകളാണുള്ളത്.