കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് : വിജയം അവകാശപ്പെട്ട് കെഎസ്‌യുവും എസ്‌എഫ്‌ഐയും
ഇടുക്കി: ജില്ലയില്‍ നടന്ന എംജി സര്‍വകലാശാല കോളജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ അവകാശ വാദവുമായി കെഎസ്‌യു-എസ്‌എഫ്‌ഐ സംഘടനടകള്‍ രംഗത്ത്. മുരിക്കാശേരി പാവനാത്മാ, മാര്‍ സ്ലീവാ കോളജ് രാജമുടി, നെടുങ്കണ്ടം ഐഎച്ച്‌ആര്‍ഡി, ജെപിഎം കട്ടപ്പന, കോ-ഓപ്പറേറ്റീവ് ലോ കോളജ് തൊടുപുഴ എന്നിവിടങ്ങളില്‍ കെഎസ്‌യു വിജയിച്ചു. വിവിധ കോളജുകളില്‍ നിരവധി സ്ഥാനങ്ങളില്‍ വിജയിക്കാൻ കഴിഞ്ഞതായും ജില്ലാ പ്രസിഡന്‍റ് നിധിൻ ലൂക്കോസ് പറഞ്ഞു.
അതേസമയം എംബി കോളജ് അടിമാലി, എംഇഎസ് നെടുങ്കണ്ടം. ഗവ. കോളജ് കട്ടപ്പന, ഐഎച്ച്‌ആര്‍ഡി മുട്ടം, സെന്‍റ് ജോസഫ് അക്കാദമി മൂലമറ്റം, എസ്‌എസ്‌എം രാജാക്കാട്, ഐഎച്ച്‌ആര്‍ഡി കുട്ടിക്കാനം, എൻഎസ്‌എസ് രാജകുമാരി, ജവഹര്‍ലാല്‍ നെഹ്റു കോളജ് തൂക്കുപാലം, എസ്‌എൻ ട്രസ്റ്റ് പാന്പനാര്‍, എസ്‌എൻ ആര്‍ട്സ് ആൻഡ് സയൻസ് പീരുമേട്, ബിഎഡ് കോളജ് കുമളി എന്നിവിടങ്ങളില്‍ എസ്‌എഫ്‌ഐ വിജയം അവകാശപ്പെട്ടു.
ന്യൂമാൻ തൊടുപുഴ, അല്‍ അസ്ഹര്‍ പെരുന്പിള്ളിച്ചിറ, അല്‍ അസ്ഹര്‍ ലോ കോളജ് പെരുന്പിള്ളിച്ചിറ, സെന്‍റ് ജോസഫ് മൂലമറ്റം, ഗവ. കോളജ് മൂന്നാര്‍, ഗവ. കോളജ് ശാന്തൻപാറ, ഹോളിക്രോസ് പുറ്റടി, ഐഎച്ച്‌ആര്‍ഡി മറയൂര്‍, കാര്‍മല്‍ഗിരി അടിമാലി, സെന്‍റ് ആന്‍റണീസ് പെരുവന്താനം എന്നിവിടങ്ങളിലും യൂണിയൻ നേട്ടം കൈവരിച്ചതായി എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്‍റ് ലിനു ജോസ്, സെക്രട്ടറി ടോണി കുര്യാക്കോസ് എന്നിവര്‍ പറഞ്ഞു.
ഇതിനിടെ തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യുവിന്‍റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും കുത്തിയിരിപ്പു സമരവും നടത്തി. വിദ്യാര്‍ഥികളെ സ്റ്റേഷനു മുന്നില്‍ പോലീസ് തടഞ്ഞു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാമെന്ന ഉറപ്പിൻമേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.