മൂന്നാര്‍ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കവെ ഇടുക്കി ജില്ലാ കളക്ടറുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി പുനഃപരിശോധിക്കണം: ഹൈക്കോടതി
കൊച്ചി: ഉത്തരേന്ത്യയിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇടുക്കി ജില്ലാ കളക്ടറെ നിയോഗിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം പുനഃപരിശോധിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.മൂന്നാര്‍ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കവെ കളക്ടര്‍ മറ്റൊരു ചുമതലയിലേക്ക് പോകുന്നത് ഈ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്. കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും തടയണമെന്നാവശ്യപ്പെട്ട് തൃശ്ശൂരിലെ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടനയടക്കം നല്‍കിയ ഹര്‍ജികളിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.
ഇന്നലെ ഹര്‍ജി പരിഗണനയ്‌ക്ക് വന്നപ്പോള്‍ അമിക്കസ് ക്യൂറി അഡ്വ. ഹരീഷ് വാസുദേവനാണ് ഇടുക്കി ജില്ലാ കളക്ടര്‍ ഉത്തരേന്ത്യയിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോകുന്നെന്ന വിവരം കോടതിയില്‍ അറിയിച്ചത്.
കൈയേറ്റം ഒഴിപ്പിക്കുന്ന നടപടികളെ ഇതു ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. നേരത്തെ ഹര്‍ജികളില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഓണ്‍ലൈനില്‍ ഹാജരായ ജില്ലാ കളക്ടര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട അപ്പീലുകളില്‍ രണ്ടു മാസത്തിനകം നടപടികള്‍ പൂ
ര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
പത്തു വര്‍ഷത്തിലേറെയായി ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണെന്നും ഇതിനിടെ മുന്നൂറിലേറെ കൈയേറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ഈ ഘട്ടത്തില്‍ കളക്ടറെ മാറ്റിയാല്‍ നടപടികളെല്ലാം അവതാളത്തിലാകും.
ആ നിലയ്‌ക്ക് കളക്ടറെ നിയോഗിച്ച നടപടി പുന: പരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു. ഹര്‍ജികള്‍ ഒക്ടോബര്‍ പത്തിനു വീണ്ടും പരിഗണിക്കും.