ശക്തമായ മഴ; ഇടുക്കി ജില്ലയിൽ ഡാമുകളിലെ ജലനിരപ്പ് ഉയർന്നു
ചെറുതോണി: ഇടുക്കി ജില്ലയിൽ പലയിടങ്ങളിലും ശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിലെ ഡാമുകളിലെ
ജലനിരപ്പ് ഉയർന്നു. ബുധനാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം പീരുമേട് താലൂക്കിൽ 158 മി.മി, ഉടുമ്പൻചോല-40.2 മി.മി, ദേവികുളം- 83.6 മി.മി, ഇടുക്കി-52.4 മി.മി, തൊടുപുഴ -37.2മി.മി എന്നിങ്ങനെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെയ്ത മഴയുടെ അളവ്. നെടുങ്കണ്ടം രാജാക്കാട് റോഡിൽ മരം കടപുഴകി ബുധനാഴ്ച രാവിലെ ഗതാഗതം തടസ്സപ്പെട്ടു.
ഹൈറേഞ്ചിൽ പലയിടത്തും കനത്ത മഴ പെയ്തപ്പോൾ ചിലയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാഴം, ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിൽ 129.30 അടിയും ഇടുക്കിയിൽ 2336.52 അടിയുമാണ് ജലനിരപ്പ്. മുല്ലപ്പെരിയാറിൽ കഴിഞ്ഞ വർഷം ഇതേ ദിവസം 112.70 അടിയായിരുന്നു.
കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകൾ കഴിഞ്ഞ ദിവസം തുറന്നു വിട്ടിരുന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. പാംബ്ല അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തി 300 ഘനയടി ജലമാണ് ഒഴുക്കുന്നത്. മലങ്കര അണക്കെട്ടിലെ ജലനിരപ്പ് 39.66 മീറ്ററായി ഉയർന്നു. മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉൽപാദനം വർധിപ്പിച്ചിട്ടുണ്ട്.