‘തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കൾക്ക് കൂടിയാണ്’ : ഫാത്തിമ തഹ്ലിയ
തട്ടം വിവാദത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ ഹരിത നേതാവ് ഫാത്തിമ തഹ്ലിയ. തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കൾക്ക് കൂടിയാണെന്ന് ഫാത്തിമ തഹ്ലിയ ആരോപിച്ചു. ( fathima thahliya on veil controversy )
സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി കെ.അനിൽ കുമാർ തുടങ്ങിവച്ച തട്ടം വിവാദത്തിൽ രൂക്ഷ വിമർഷനവുമായാണ് ഫാത്തിമ തഹ്ലിയ രംഗത്ത് വന്നിരിക്കുന്നത്. ഇസ്ലാം മതവിശ്വാസികൾ പ്രാകൃതരാണെന്നും ആറാം നൂറ്റാണ്ടിലെ ബോധം പേറുന്നവരാണെന്നും, മനുഷ്യൻ ആവണമെങ്കിൽ മതം ഉപേക്ഷിക്കണം എന്ന് സിപിഐഎം ഇത്രയും നാൾ ഒളിഞ്ഞു മാത്രമാണ് പറഞ്ഞിരുന്നതെന്നും ഇപ്പോൾ അത് തെളിയിച്ചു പറഞ്ഞിരിക്കുന്നുവെന്നും പറഞ്ഞുകൊണ്ടായിരുന്നു ഫാത്തിമ തഹ്ലിയയുടെ പോസ്റ്റ് തുടങ്ങുന്നത്. കേരളത്തിലെ ആർ.എസ്.എസിന്റെ എ ടീം സി.പി.എം ആണെന്നും ബി.ജെ.പി കേരളത്തിൽ ആർ.എസ്.എസിന്റെ ബി ടീം മാത്രമാണെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
ഇസ്ലാം മതവിശ്വാസികൾ പ്രാകൃതരാണ്, ആറാം നൂറ്റാണ്ടിലെ ബോധം പേറുന്നവരാണ് എന്നും മനുഷ്യൻ ആവണമെങ്കിൽ മതം ഉപേക്ഷിക്കണം എന്നും സി.പി.എം ഇത്രയും നാൾ ഒളിഞ്ഞു മാത്രമാണ് പറഞ്ഞിരുന്നത്. ഇപ്പോൾ അത് തെളിയിച്ചു പറഞ്ഞിരിക്കുന്നു അവർ. തട്ടം ഉപേക്ഷിക്കുന്ന പെൺകുട്ടികൾ തങ്ങളുടെ പ്രവർത്തന നേട്ടമായി ആഘോഷിക്കുന്ന സി.പി.എം എത്ര മാത്രം ഇസ്ലാമോഫോബിയ പേറുന്നവരാണ്? തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കൾക്ക് കൂടിയാണ്. കേരളത്തിലെ ആർ.എസ്.എസിന്റെ എ ടീം സി.പി.എം ആണ്. ബി.ജെ.പി കേരളത്തിൽ ആർ.എസ്.എസിന്റെ ബി ടീം മാത്രമാൺ
തട്ടം വിവാദത്തിൽ അനിൽ കുമാറിനെ തള്ളി നേരത്തെ കെ.ടി ജലീലും രംഗത്ത് വന്നിരുന്നു. കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് എ.എം ആരിഫ് എംപിയും വന്നിരുന്നു.