ഇടുക്കിയുടെ അഭിമാനമായ നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ തീര്‍ഥാടന കേന്ദ്രമായി ഉയര്‍ത്തും
ഇടുക്കി: നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യന്‍സ് ദേവാലയം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്ര പദവിയിലേക്ക്. സീറോ മലബാര്‍ സഭയുടെ സിനഡിലാണ് ഇടുക്കി രൂപതയിലെ ഈ പുരാതന ദേവാലയത്തിന് ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ തീര്‍ഥാട കേന്ദ്രം എന്ന പദവി നല്‍കാന്‍ തീരുമാനിച്ചത്.
ജില്ലയിലെതന്നെ ഏറ്റവും പഴക്കമുള്ള ദേവാലയം എന്ന പരിഗണനയും വിശ്വാസികളുടെ അഭ്യര്‍ഥനയും കണക്കിലെടുത്താണ് ഈ പദവി നല്‍കിയത്. പുതിയ പദവി ലഭിച്ചതോടെ വര്‍ഷംതോറും മേജര്‍ ആര്‍ച്ച് ബിഷപ്പ് പള്ളിയില്‍ സന്ദര്‍ശനം നടത്തും.
നിര്‍മാണത്തിലിരിക്കുന്ന പുതിയ ദേവാലയത്തിന്‍റെ കൂദാശാകര്‍മ്മം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി 2024 ജനുവരി 18 ന് നിര്‍വഹിക്കുന്നതോടൊപ്പം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രമാക്കിയുള്ള പ്രഖ്യാപനവും നടത്തും. തുടര്‍ന്നു പത്തു ദിവസത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്കും തുടക്കമാകും. ദേവാലയത്തിലെ പ്രധാന തിരുസ്വരൂപം വിശുദ്ധ സെബസ്ത്യാനോസിന്‍റേതാണ്.
വിശുദ്ധന്‍റെ തിരുനാള്‍ ഹൈറേഞ്ചിലെ തന്നെ പ്രശസ്തമായ തിരുനാളുകളില്‍ ഒന്നാണ്. കോവിഡിനും ദേവാലയ നിര്‍മാണത്തിനുശേഷവും നടക്കുന്ന തിരുനാള്‍ ആഘോഷമാക്കാനാണ് ഇടവകയുടെ തീരുമാനം.
ചരിത്രവഴിയിലൂടെ നെടുങ്കണ്ടം പള്ളി
നെടുങ്കണ്ടത്ത് വാസമുറപ്പിച്ച ക്രൈസ്തവരുടെ ആവശ്യം പരിഗണിച്ച് 1952 ഒക്ടോബര്‍ 20 ന് പുല്‍പ്പറമ്ബില്‍ ശൗര്യാരച്ചന്‍ വണ്ടന്മേട്ടില്‍നിന്നും എത്തി പാട്ടത്തേക്കുഴി മത്തായി വര്‍ക്കിയുടെ വീട്ടുമുറ്റത്ത് ഒരു പന്തല്‍ കെട്ടി ആദ്യത്തെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും വീടുകള്‍ വെഞ്ചരിക്കുകയും ചെയ്തതാണ് നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യന്‍സ് ഇടവകയുടെ തുടക്കം. അന്നുകൂടിയ വിശ്വാസികളുടെ ആഗ്രഹപ്രകാരം പാട്ടത്തേക്കുഴി വര്‍ക്കി പള്ളിക്കുവേണ്ടി നല്‍കിയ സ്ഥലത്ത് ഒരു താത്കാലിക ദേവാലയം നിര്‍മിച്ചു. വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ നാമധേയത്തില്‍ നിര്‍മിച്ച ദേവാലയത്തില്‍ 1954 ജനുവരി 20 ന് പ്രഥമ തിരുനാള്‍ ആഘോഷിച്ചു. പള്ളിയുടെ സൗകര്യക്കുറവു പരിഹരിക്കുന്നതിന് ഇടവകക്കാര്‍ സഹകരിച്ച് മുളയും പുല്ലും ഉപയോഗിച്ചാണ് പുതിയ പള്ളി നിര്‍മ്മിച്ചത്.
1954-ല്‍ പട്ടം താണുപിള്ള തിരുക്കൊച്ചി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം പ്രകാരം 1955 ജനുവരി 20 ന് പട്ടം കോളനി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടര്‍ന്നു ഹൈറേഞ്ചിലേക്ക് കുടിയേറ്റം നടന്നതിനെത്തുടര്‍ന്ന് ഇവിടെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം വര്‍ധിച്ചു. 1956 ജൂലൈ 27 ന് കോതമംഗലം രൂപത രൂപീകൃതമാവുകയും 10-01-1957 ല്‍ മാര്‍ മാത്യു പോത്തനാമൂഴി കോതമംഗലം രൂപതയുടെ പ്രഥമ മെത്രാനായി നിയമിക്കപ്പെടുകയും ചെയ്തു. അതോടെ എറണാകുളം അതിരൂപതയുടെ ഭാഗമായിരുന്ന ഈ പ്രദേശം കോതമംഗലം രൂപതയുടെ അധീനതയിലായി. 1958 ഫെബ്രുവരിയില്‍ ഫാ. അക്വിലാസ് സിഎംഐ നെടുങ്കണ്ടം ഇടവകയുടെ ചുമതലയേറ്റു.
സ്ഥിരമായി നെടുങ്കണ്ടം പള്ളിയില്‍ ഒരു വൈദികനില്ലാത്തതിന്‍റെ ബുദ്ധിമുട്ടുകള്‍ ഇടവകക്കാര്‍ പിതാവിനെ അറിയിച്ചതനുസരിച്ച് രൂപതാ ചാന്‍സലര്‍ ഫാ. ജോണ്‍ പിണക്കാട്ട് ഇവിടെയെത്തി സ്ഥിതിഗതികള്‍ മനസിലാക്കി റിപ്പോര്‍ട്ടു സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 1959 മെയ് 1 ന് അഭിവന്ദ്യ പിതാവ് നെടുങ്കണ്ടം സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് ഫാ. ജോസഫ് കക്കുഴിയെ പ്രഥമവികാരിയായി നിയമിച്ചു. കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് പള്ളി മാറ്റി സ്ഥാപിക്കാന്‍ തീരുമാനിക്കുകയും 1960 ഏപ്രില്‍ 28 ന് പുതിയ പള്ളിക്കു തറക്കല്ലിടുകയും ചെയ്തു. അന്ന് ഹൈറേഞ്ചിലെ ഏറ്റവും വലിയതും മനോഹരവുമായ ദേവാലയമായിരുന്നു ഇത്. ഇതിന്‍റെ വെഞ്ചരിപ്പു കര്‍മം 1967 ജനുവരി 24 ന് മാര്‍ മാത്യു പോത്തനാമൂഴിയാണ് നിര്‍വ്വഹിച്ചത്.
56 വര്‍ഷങ്ങള്‍ക്കു ശേഷം ഇടവകക്കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ദേവാലയം പുതുക്കിപ്പണിയാന്‍ തീരുമാനിച്ചു. 2018 സെപ്റ്റംബര്‍ എട്ടിന് ഇടുക്കി രൂപതാ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പുതിയ ദേവാലയത്തിന്‍റെ തറക്കല്ലിടീല്‍ കര്‍മം നിര്‍വഹിച്ചു. ഇടവക ജനത്തിന്‍റെ ഒത്തൊരുമിച്ചുള്ള പ്രയത്‌നത്തെത്തുടര്‍ന്നാണ് അഞ്ചു വര്‍ഷംകൊണ്ട് മനോഹരമായ ദേവാലയത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. പുതിയ ദേവാലയത്തോടൊപ്പം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്ര പദവിയും ലഭിക്കുന്നത് നെടുങ്കണ്ടംകാര്‍ക്കൊപ്പം ഇടുക്കി രൂപതയ്ക്കും അഭിമാനമാണ്.