കനത്ത മഴയിൽ വിറച്ച് ഇടുക്കി; 2 മരണം, 7പേർക്ക് പരുക്ക് ;ഏലം, വാഴ, കപ്പ,കൊക്കോ, കുരുമുളക്, പച്ചക്കറികൾ എന്നിവയ്ക്കും നാശം
കനത്ത മഴയിൽ വിറച്ച് ഇടുക്കി. ഇന്നലെ രാവിലെ 7ന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്ത ശരാശരി മഴ 74.28 മില്ലിമീറ്റർ. പീരുമേട് താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ. കുറവ് തൊടുപുഴ താലൂക്കിലും. പീരുമേട് താലൂക്കിൽ 158 മില്ലീമീറ്റർ മഴ പെയ്തു. കഴിഞ്ഞ 12 ദിവസമായി പെയ്യുന്ന മഴയിൽ ഇടുക്കി ജില്ലയിൽ മാത്രമായി 2 പേർ മരിക്കുകയും 7 പേർക്കു പരുക്കേൽക്കുകയും ചെയ്തു. 10 വീടുകൾ പൂർണമായി നശിച്ചു. 319 വീടുകൾ ഭാഗികമായി തകർന്നു. ഏകദേശം 1700 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ നഷ്ടം ഏലം കർഷകർക്കാണ്. വാഴ, കപ്പ,കൊക്കോ, കുരുമുളക്, പച്ചക്കറികൾ എന്നിവയ്ക്കും നാശം സംഭവിച്ചു. നെടുങ്കണ്ടം, കട്ടപ്പന, അടിമാലി, പീരുമേട് എന്നീ ബ്ലോക്കുകളിലാണ് കൂടുതൽ കൃഷിനാശമുണ്ടായിരിക്കുന്നത്. വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പലയിടത്തും ചെറിയ മണ്ണിടിച്ചിലുകളുണ്ടായിട്ടുണ്ട്.