വാഗമണ്ണില്‍ അഞ്ചേക്കറോളം ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചു; സര്‍ക്കാര്‍ ഭൂമി എന്ന ബോര്‍ഡ് സ്ഥാപിക്കാൻ റവന്യു വകുപ്പ്
ഇടുക്കി: കയ്യേറ്റം ഒഴിപ്പിച്ച് റവന്യു വകുപ്പ്. ഇടുക്കി വാഗമണ്‍ മൊട്ടക്കുന്നിന് സമീപം അഞ്ചേക്കറോളം ഭൂമിയിലെ കയ്യേറ്റമാണ് ഒഴിപ്പിച്ചത്.
ഇതിന് പിന്നാലെ തിരിച്ചുപിടിച്ച സ്ഥലത്ത് സര്‍ക്കാര്‍ ഭൂമിയെന്ന് അടയാളപ്പെടുത്തുന്ന ബോര്‍ഡ് സ്ഥാപിക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം.
നാട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് ഒഴിപ്പിക്കല്‍ നടപടികളുമായി റവന്യു വകുപ്പ് രംഗത്തെത്തിയത്. വാഗമണ്‍ കൊച്ചുകരുന്തരുവി റോഡിലെ അഞ്ചേക്കറോളം വരുന്ന റവന്യു ഭൂമിയിലാണ് സ്വകാര്യ വ്യക്തി ഒരാഴ്ചയോളമായി വേലി കെട്ടി തിരിക്കുന്ന ജോലികള്‍ നടത്തി വന്നിരുന്നത്. വിനോദ സഞ്ചാര സാധ്യത മുന്നില്‍ കണ്ടായിരുന്നു കയ്യേറ്റമെന്നാണ് വിലയിരുത്തല്‍.
രേഖയുണ്ടെന്ന് വാദിച്ചായിരുന്നു കയ്യേറ്റക്കാര്‍ സ്ഥലത്ത് ജോലികള്‍ ചെയ്തിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കയ്യേറ്റമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പീരുമേട് റവന്യു വിഭാഗം സ്‌പെഷ്യല്‍ സ്‌ക്വാഡാണ് സ്ഥലത്തെത്തി കയ്യേറ്റം ഒഴിപ്പിച്ചത്.