ആരോഗ്യ വകുപ്പിന്റെ കൂട്ടായ പ്രവർത്തനത്താൽ നിപയെ ചെറുത്ത് തോൽപ്പിക്കാൻ കഴിഞ്ഞു : മന്ത്രി വീണാ ജോർജ്
ആരോഗ്യ വകുപ്പിന്റെ കൂട്ടായ പ്രവർത്തനത്താൽ നിപയെ ചെറുത്ത് തോൽപ്പിക്കാൻ കഴിഞ്ഞെന്ന് മന്ത്രി വീണ ജോർജ്ജ്. രോഗം സ്ഥിരീകരിച്ചിരുന്ന നാല് പേരുടെയും ഫലം നെഗറ്റീവ് ആയത് ആശ്വാസമാണ്. നിപ രോഗമുക്തർ ഐസൊലേഷനിൽ കഴിയുന്ന ഇടങ്ങളിൽ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികൾ സ്വീകരിച്ചെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പഴുതടച്ചുള്ള പ്രതിരോധ പ്രവർത്തനമാണ് കോഴിക്കോട് നടന്നത്. രോഗ ലക്ഷണങ്ങൾ പ്രകടമാക്കിയവർക്ക് ഉടൻ തന്നെ പ്രതിരോധ മരുന്നുകൾ നൽകിയത് ഗുണം ചെയ്തു. നിപ സ്ഥിരീകരിക്കുന്നതിന് മുൻപ് ആരോഗ്യ പ്രവർത്തകർ രോഗം പടരാതിരിക്കാനുള്ള നടപടികൾ കൈക്കൊണ്ടു. ഇത് രോഗ വ്യാപനം ഇല്ലാതാക്കിയെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കൽ കോളേജ്, ഇഖ്‌റ , മിംസ് ആശുപത്രികൾ എന്നിവിടങ്ങളിലാണ് രോഗികൾ ചികിത്സയിൽ കഴിഞ്ഞിരുന്നത്. മൂന്ന് പേർ വീട്ടിലേക്ക് മടങ്ങിയെന്നും , രോഗ മുക്തനായ ആരോഗ്യ പ്രവർത്തകൻ സുരക്ഷിതമായി ഐസൊലേഷനിൽ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ് വ്യക്തമാക്കി.
നിലവിൽ 568 പേർ ഐസൊലേഷനിൽ ഉണ്ട്. 1176 മനുഷ്യ സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. ഐസൊലേഷനിൽ കഴിയുന്നവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പരിശോധന നടത്താനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 26 വരെ നിപ കണ്ട്രോൾ റൂമിന്റെ പ്രവർത്തനം ഉണ്ടാകുമെന്നും, ട്രൂ നാറ്റ് പരിശോധനയ്ക്ക് ഉള്ള നടപടികൾ വേഗത്തിലാക്കിയെന്നും മന്ത്രി അറിയിച്ചു.