സഞ്ചാരികളുടെ പറുദീസയായി ആനയാടിക്കുത്ത്
തൊടുപുഴ: വിനോദസഞ്ചാരകേന്ദ്രമായ ആനയാടിക്കുത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. അവധിദിനമായിരുന്ന ഇന്നലെ വൻതിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്.തൊമ്മൻകുത്തിനു സമീപമുള്ള ആനയാടിക്കുത്ത് അറിയപ്പെട്ടുതുടങ്ങിയിട്ട് അധികനാളുകളായില്ല.
ഇവിടത്തെ പ്രത്യേകതകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞതോടെയാണ് ഇവിടേക്ക് സഞ്ചാരികള്‍ കൂടുതലായി എത്തിത്തുടങ്ങിയത്. കൊച്ചുകുട്ടികള്‍ക്കു പോലും സുരക്ഷിതമായി വെള്ളച്ചാട്ടത്തില്‍ ഇറങ്ങാനും നീന്തിത്തുടിക്കാനും കഴിയുമെന്നതാണ് ഇവിടുത്തെ പ്രത്യേകത.അപകടങ്ങള്‍ പതിവായതോടെ തൊമ്മൻകുത്ത് പുഴയിലിറങ്ങി കുളിക്കുന്നതിന് അധികൃതര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതു സഞ്ചാരികളെ നിരാശരാക്കി. ഇതോടെ തൊമ്മൻകുത്തിലെത്തുന്ന സഞ്ചാരികളെല്ലാം ആനയാടിക്കുത്തും സന്ദര്‍ശിച്ചാണ് മടങ്ങുന്നത്. സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ പ്രദേശവാസികള്‍ തങ്ങളുടെ വീടുകളോടു ചേര്‍ന്ന കച്ചവടവും ആരംഭിച്ചു. തികച്ചും കാര്‍ഷിക ഗ്രാമമായ ഇവിടെ പല കുടുംബങ്ങള്‍ക്കും ഇതിലൂടെ അധിക വരുമാനം ലഭിക്കാനും തുടങ്ങി. ഇതിനു പുറമേ ഓട്ടോ, ടാക്സി സര്‍വീസുകളും ജീപ്പ് സവാരിയുമെല്ലാം ഇന്ന് തൊമ്മൻകുത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റുകയാണ്. ടൂറിസം മേഖലയില്‍ നിരവധിപ്പേര്‍ക്കാണ് തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നത്.
സഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അധികൃതര്‍ തയാറായാല്‍ പ്രദേശത്തിന്‍റെ വികസനത്തില്‍ വൻ കുതിച്ചുചാട്ടമുണ്ടാകും. ആനയാടിക്കുത്തിനു സമീപത്തുകൂടി കടന്നുപോകുന്ന നെയ്യശേരി-തൊക്കുന്പൻസാഡില്‍ റോഡിന്‍റെ നിര്‍മാണ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു പൂര്‍ത്തിയായാല്‍ ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹം തന്നെയുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.