എൻട്രൻസ് പ്ലാസ അറ്റകുറ്റപ്പണിക്ക് നടപടി
മുട്ടം: നിര്‍മാണത്തിലെ അപാകത മൂലം അടഞ്ഞുകിടക്കുന്ന മലങ്കര ടൂറിസം ഹബിലെ എൻട്രൻസ് പ്ലാസ അറ്റകുറ്റപ്പണി നടത്താൻ തീരുമാനം. കലക്ടര്‍, ഡി.ടി.പി.സി അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. അറ്റകുറ്റപ്പണി നടത്തുന്നതിന് എത്രരൂപ ചെലവാകും എന്നത് കണ്ടെത്താനും എസ്റ്റിമേറ്റ് എടുക്കാനും നിര്‍ദേശിച്ചു. നിര്‍മാണം നടത്തിയ കരാര്‍ ഏജൻസിയായ ഹാബിറ്റാറ്റിന് 25 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് അധികൃതര്‍ പറയുന്നു. അറ്റകുറ്റപ്പണിക്ക് ചെലവാകുന്ന തുക ഈ കരാറുകാരില്‍നിന്ന് ഈടാക്കാനാണ് തീരുമാനം. എൻട്രൻസ് പ്ലാസയിലെ ചോര്‍ച്ചയാണ് പ്രധാന പ്രശ്നം. ചുറ്റുപാടും ചോര്‍ന്നൊലിക്കുന്ന സ്ഥിതിയാണ്. വൃത്താകൃതിയിലുള്ള എൻട്രൻസ് പ്ലാസക്ക് മുകളിലെ വെന്റിലേറ്റര്‍ വഴിയാണ് വെള്ളം ഉള്ളിലേക്ക് കടക്കുന്നത്. നിര്‍മാണത്തിലെ അപാകതമൂലം ഭിത്തിക്ക് വശങ്ങളിലൂടെയും ചോരുന്നുണ്ട്. ചില്ല് പാളികള്‍ മങ്ങി കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇവയെല്ലാം ശരിയാക്കി ചായം പൂശി വൃത്തിയാക്കിയാല്‍ പ്ലാസ തുറന്ന് നല്കാൻ സാധിക്കും. അതിനായി എസ്റ്റിമേറ്റ് എടുക്കാൻ നിര്‍ദേശിച്ചിട്ട് നാളുകളായെങ്കിലും ഇതുവരെ എടുത്തിട്ടില്ല.