‘ശ്രദ്ധ വീഡിയോ കോളിൽ’: മഥുര ട്രെയിൻ അപകടത്തിന് കാരണം ജീവനക്കാരൻ്റെ മൊബൈൽ ഉപയോഗം
ഉത്തർപ്രദേശിലെ മഥുരയിൽ ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായ സംഭവത്തിൽ റെയിൽവേ ജീവനക്കാരൻ്റെ ഭാഗത്ത് നിന്നും സംഭവിച്ചത് ഗുരുതര വീഴ്ച. റെയിൽവേ ജീവനക്കാരൻ അശ്രദ്ധമായി ട്രെയിൻ ഓപ്പറേറ്റ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചൊവ്വാഴ്ചയാണ് മഥുര ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിൻ പാഞ്ഞുകയറി അപകടമുണ്ടായത്. ട്രെയിനിൽ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലോക്കോ പൈലറ്റ് ഇറങ്ങിയ ശേഷം ഒരു റെയിൽവേ ഉദ്യോഗസ്ഥൻ ക്യാബിൽ കയറുന്നത് വീഡിയോയിൽ കാണാം. ശേഷം തന്റെ കറുത്ത ബാഗ് എഞ്ചിൻ ത്രോട്ടിലിൽ വയ്ക്കുന്നു. ബാഗിന്റെ സമ്മര്‍ദ്ദത്തില്‍ ത്രോട്ടില്‍ മുന്നോട്ട് നീങ്ങിയത് ശ്രദ്ധിക്കാതെ ജീവനക്കാരന്‍ ഫോണില്‍ മുഴുകിയിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയപ്പോഴാണ് ജീവനക്കാരന്‍ ശ്രദ്ധിക്കുന്നത്. ട്രെയിൻ നിർത്താൻ ജീവനക്കാരൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. സച്ചിൻ എന്നാണ് ജീവനക്കാരൻ്റെ പേര്. സംഭവത്തിൽ ഒരു സ്ത്രീയ്ക്ക് പരിക്ക് പറ്റിയിരുന്നു. അപകടത്തിന് പിന്നാലെ ലോക്കോ പൈലറ്റും നാല് ടെക്നിക്കൽ സ്റ്റാഫും ഉൾപ്പെടെ അഞ്ച് റെയിൽവേ ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്.