മരണാനന്തര ചടങ്ങിനിടെ പെരുന്തേനീച്ചകള്‍ ഇളകി; നിരവധി പേര്‍ക്ക് കുത്തേറ്റു
തൊടുപുഴ: പള്ളിയില്‍ മരണാന്തര ചടങ്ങ് നടക്കുന്നതിനിടെ പെരുന്തേനീച്ചകള്‍ ഇളകി നിരവധി പേര്‍ക്ക് കുത്തേറ്റതായി റിപ്പോര്‍ട്ട്. സംഭവം നടന്നത് ഇടുക്കി വെള്ളാരംകുന്നിലെ സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു. തേനീച്ചയുടെ കുത്തേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. കലവനാല്‍ കെ എം ജോസഫ് എന്നയാളുടെ സംസ്കാരച്ചടങ്ങ് പള്ളിയില്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. ചടങ്ങ് നടക്കുന്നതിനിടെ പള്ളിയുടെ മുഖവാരത്തില്‍ കൂടുകൂട്ടിയ പെരുന്തേനീച്ച കൂട്ടില്‍ പറന്നുവന്ന ഒരു പക്ഷി വന്നിടിച്ചതാണ് ഈച്ചകള്‍ ഇളകാൻ കാരണമായത്. പിന്നാലെ പരിഭ്രാന്തരായി ജനം ഓടി പള്ളിയ്ക്കകത്തും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലുമാണ് അഭയം പ്രാപിച്ചത്. തേനീച്ചയുടെ കുത്തേറ്റവര്‍ വെള്ളാരംകുന്നിലെ ക്ലിനിക്കിലും കുമളിയിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട്. പള്ളിയോട് ചേര്‍ന്നുള്ള നഴ്സറി സ്കൂളില്‍ ഈ സമയത്ത് 50 ഓളം കുട്ടികളുണ്ടായിരുന്നുവെങ്കിലും അധ്യാപകരുടെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന് വലിയ അപകടം ഒഴിവാകുകയായിരുന്നു. തുടര്‍ന്ന് പള്ളി അടച്ചിട്ട് പള്ളിക്കകത്ത് വച്ചുതന്നെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കല്ലറയിലേക്ക് എടുക്കുകയായിരുന്നു.