‘തെറ്റായ പ്രവണത വെച്ചുപൊറുപ്പിക്കില്ല’; മന്ത്രിയുടെ ഓഫീസിനെതിരായ പരാതി അന്വേഷിക്കുമെന്ന് ഗോവിന്ദന്‍
തിരുവനന്തപുരം: ആരോഗ്യവകുപ്പിനെതിരെ കള്ളപ്രചാരണം നടത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. അതേസമയം തെറ്റായ പ്രവണത വെച്ചുപുലര്‍ത്തുന്ന ആരേയും സംരക്ഷിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
‘ഒരു കാര്യത്തില്‍ പരാതി ഉന്നയിക്കുമ്പോള്‍ അതിന്റെ വാസ്തവം അന്വേഷണിക്കണം. അല്ലാതെ അതിന് പ്രചാരണം നടത്തുന്ന ഏജന്‍സിയായി മാധ്യമങ്ങള്‍ മാറരുത്. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കൃത്യമായ അന്വേഷണം നടത്തണം. അതില്‍ പാര്‍ട്ടി വിട്ടുവീഴ്ച്ച ചെയ്യില്ല. അന്വേഷണത്തില്‍ അവ്യക്തത ഇല്ല.’ എന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. പരാതിയില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് അന്വേഷിക്കട്ടെ. തെളിവുകള്‍ മാധ്യമങ്ങള്‍ അല്ല, പൊലീസ് കാണിക്കട്ടെയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സര്‍ക്കാരിനെതിരായ സിപിഐ വിമര്‍ശനത്തോട് പ്രതികരിക്കാന്‍ എം വി ഗോവിന്ദന്‍ തയ്യാറായില്ല. വിമര്‍ശനങ്ങളില്‍ വിഷമം ഇല്ല. രണ്ടും രണ്ട് പാര്‍ട്ടിയാണ്. അവര്‍ക്ക് വിമര്‍ശിക്കാന്‍ അധികാരമുണ്ടെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരില്‍ സര്‍വ്വത്ര അഴിമതിയാണെന്നായിരുന്നു സിപിഐ കൗണ്‍സിലില്‍ വിമര്‍ശനം. സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ഭൂമി- ക്വാറി മാഫിയയാണ്. കോര്‍പ്പറേറ്റ് സംഘത്തിന്റെ പിടിയിലാണ് സര്‍ക്കാര്‍ എന്നും വിമര്‍ശിച്ച കൗണ്‍സില്‍ യോഗം സിപിഐ മന്ത്രിമാര്‍ക്കെതിരെയും ആരോപണമുന്നയിച്ചു