ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണം; കേന്ദ്ര ആയുഷ് മന്ത്രിക്ക് പരാതി നൽകി യുവമോർച്ച
തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിൽ കേന്ദ്ര സർക്കാരിന് പരാതിയുമായി യുവമോർച്ച. കേന്ദ്ര ആയുഷ് മന്ത്രി സർവ്വനന്ദ സോനെവാളിന് യുവമോർച്ച കത്തയച്ചു. ആയുഷ് കേന്ദ്രങ്ങളിൽ സംസ്ഥാന സർക്കാർ നടത്തിയ മുഴുവൻ നിയമനങ്ങളും സംശയത്തിന്റെ നിഴലിലാണ്. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും സ്വജനപക്ഷപാതമുണ്ടെന്നും കത്തിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
നേരത്തെ ആരോഗ്യ വകുപ്പിലെ നിയമന കോഴ വിവാദത്തിലെ കത്ത് വ്യാജമാണെന്ന് ആയുഷ് മിഷന്‍ വ്യക്തമാക്കിയിരുന്നു. മെയില്‍ ഐഡി വ്യാജമാണെന്നായിരുന്നു ആയുഷ് മിഷന്റെ വാദം. പരാതിക്കാരന് ലഭിച്ച നിയമന ഉത്തരവ് ഔദ്യോഗിക രേഖയല്ലെന്നും അതിലെ ലോഗോ നാഷണല്‍ ഹെല്‍ത്ത് മിഷന്റേതാണെന്നും ആയുഷ് മിഷന്‍ വ്യക്തമാക്കി.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പി എ അഖില്‍ മാത്യുവിനെതിരെയാണ് ആരോപണം. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതിക്കാരന്‍. ഹരിദാസന്റെ മകന്റെ ഭാര്യയ്ക്ക് ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ആയി നിയമനം നല്‍കാമെന്നായിരുന്നു വാഗ്ദാനം. 15 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. പത്തനംതിട്ട സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ് മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവായിരുന്നു ഇടനിലക്കാരനെന്നും പരാതിക്കാരന്‍ പറഞ്ഞിരുന്നു.
താല്‍ക്കാലിക നിയമനത്തിന് അഞ്ച് ലക്ഷം രൂപയും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷം രൂപയും ചേര്‍ത്താണ് 15 ലക്ഷം ആവശ്യപ്പെട്ടത്. ഭരണം മാറും മുന്‍പ് സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കി. തുക ഗഡുക്കള്‍ ആയി നല്‍കാനായിരുന്നു നിര്‍ദേശം. അഖില്‍ മാത്യു ഒരു ലക്ഷം രൂപയും അഖില്‍ സജീവ് 75000 രൂപയും കൈപ്പറ്റി. അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കിയത് തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്ത് വെച്ച്. അഖില്‍ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നല്‍കി. നിയമനത്തിന് വേണ്ടി അപേക്ഷ നല്‍കിയപ്പോള്‍ അഖില്‍ സജീവ് നിയമനം ഉറപ്പ് നല്‍കി സമീപിക്കുകയായിരുന്നു. സമീപിച്ചത് അഭിമുഖത്തില്‍ പങ്കെടുത്തത് കൊണ്ടോ പരീക്ഷ എഴുതിയത് കൊണ്ടോ നിയമനം ലഭിക്കില്ലെന്ന് പറഞ്ഞാണ്. ആരോഗ്യ വകുപ്പിനും മന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതിക്കാരന്‍ പറഞ്ഞിരുന്നു.