മൂന്നാര്‍ ടൗണില്‍ സ്‌റ്റാൻഡുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതില്‍ കര്‍ശന നിയന്ത്രണം
മൂന്നാര്‍: അനുദിനം പെരുകുന്ന ഓട്ടോ റിക്ഷകള്‍ സൃഷ്ടിക്കുന്ന ഗതാഗതപ്രശ്നങ്ങള്‍ കണക്കിലെടുത്ത് മൂന്നാര്‍ ടൗണില്‍ സ്‌റ്റാൻഡുകള്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഗതാഗത ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. മൂന്നാര്‍ ടൗണിലെ അനധികൃത ഓട്ടോ സ്റ്റാൻഡുകള്‍ സംബന്ധിച്ച് കഴിഞ്ഞയാഴ്ച ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ടൗണില്‍ ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ്ങിനും നിയന്ത്രണം കൊണ്ടുവരും. ടൗണിലെ പാതയോരങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്തിയിടാൻ അനുവദിക്കില്ല. പെരിയവരൈ റോഡിലും കാര്‍ഗില്‍ റോഡിലുമാണ് ഇതിനായി സ്ഥലം അനുവദിച്ചിരിക്കുന്നത്. ജനറല്‍ ആശുപത്രി റോഡില്‍ ഒരേ സമയം അഞ്ച് ഗുഡ്സ് ഉള്‍പ്പെടെ ഒമ്പത് ഓട്ടോ മാത്രമാണ് നിര്‍ത്തിയിടാവുന്നത്.
ഏറ്റവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നല്ലതണ്ണി കവലയില്‍ റോഡിന് ഇരുവശവുമുള്ള ഓട്ടോ പാര്‍ക്കിങ് ഒഴിവാക്കും. പഴയ മൂന്നാര്‍ മുതല്‍ ടൗണ്‍വരെയും ടൗണിലെ മറ്റ് റോഡുകളിലും ഒട്ടേറെ വാഹനങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണാം. ഗതാഗതക്കുരുക്കിന് ഇതും കാരണമാണ്. ഉടമകളെ കണ്ടെത്തി നിശ്ചിത ദിവസത്തിനുള്ളില്‍ ഇവ മാറ്റാൻ ആവശ്യപ്പെടും. പാതയോരങ്ങളിലെ വാണിഭവും പൂര്‍ണമായി നിരോധിക്കാൻ യോഗം തീരുമാനിച്ചു.
തഹസില്‍ദാര്‍ കെ.ജി. രാജൻ, പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്യോതി, എസ്.എച്ച്.ഒ രാജൻ അരമന, പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സഹജൻ, ട്രാഫിക് എസ്.ഐ പി.പി. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.