സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട ഹരിയാന സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന റിപ്പോർട്ടിനെ തുടർന്ന് പീരുമേട് ഡിവൈഎസ്പി സസ്പെൻഷനായതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്.
കട്ടപ്പന ടി.ബി ജംഗഷനിൽ വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന പാലാ പൂവരണി സ്വദേശിയുടെയും ഇയാളുടെ സഹായിയുടെയുംഅറസ്റ്റ് തടയാൻ ഡിവൈ എസ്പി നേരിട്ട് ഇടപെട്ടതായാണ് വിവരം.
പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല.ഇതിനിടയിൽ കുമളി എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതികളുടെ വീടുകളിൽ പരിശോധന നടത്തി ഇവരെ കണ്ടെത്തിയിരുന്നു.
വിവരം അറിഞ്ഞ ഡിവൈഎസ്പി എസ്.ഐയെ ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിച്ചതിന് ശേഷം അറസ്റ്റ് മതിയെന്ന് നിർദ്ദേശിച്ചു.പൊലീസ് മടങ്ങിയതിന് പിന്നാലെ പ്രതികൾ നാടുവിടുകയായിരുന്നു.പിന്നീട് ഇവരെ ദില്ലിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
പ്രതികൾക് ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും അവസരമൊരുക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ്.ഐയായിരുന്ന അനൂപിനെ സസ്പെന്റ് ചെയ്തിരുന്നു.സ്ഥാനകയറ്റം ലഭിച്ച് കോട്ടയം അയർക്കുന്നം എസ്.എച്ച്.ഒയായിരിക്കവെയാണ് അനൂപ് സസ്പെൻഷനിലാകുന്നത്.മേലുദ്യോഗസ്ഥന്റെ ആഞ്ജാനുസരണം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനെതിരെ മാത്രം നടപടിയുണ്ടായതിൽ സേനയിലും അമർഷം പുകഞ്ഞിരുന്നു.ഇതിനിടയിലാണ് ഡിവൈഎസ്പി ഉൾപ്പടെയുള്ളവർ പ്രതികളിൽ നിന്ന് വൻ തുക കൈപ്പറ്റിയതായുള്ള വിവരങ്ങളും പുറത്ത് വന്നത്.
പ്രതികൾ മധ്യതിരുവിതാംകൂറിലെ ഒരു പൊലീസ് ഉന്നതന്റെ ബന്ധുവായ യുവതിയെ സമാന രീതിയിൽ വശീകരിച്ച് കുമളിയിൽ എത്തിച്ച് റിസോർട്ടിൽ താമസം ആരംഭിച്ചതോടെയാണ് ഹരിയാന കേസുമുണ്ടായതെന്നാണ് പൊലീസുകാർ തന്നെ പറയുന്നത്.തന്റെ ബന്ധുവായ യുവതിയെ നാട്ടിലേക്ക് മടക്കി അയയ്ക്കണമെന്ന് വ്യാപാരിയോട് പല തവണ ഉന്നതൻ ആവശ്യപ്പെട്ടുവെങ്കിലും വഴങ്ങാതെ വന്നതോടെയാണ് പീഡന പരാതിയുണ്ടാകുന്നതത്രെ.
വ്യാപാരിയെ കിങ്കരന്മാരെ ഉപയോഗിച്ച് ഉന്നതൻ നടത്തിയ അന്വേഷണത്തിലാണ് മുമ്പ് ഹരിയാന സ്വദേശിനിയെ താമസിപ്പിച്ചിരുന്നുവെന്നതും വഴക്കുണ്ടായ വിവരങ്ങളും ലഭിച്ചത്.തുടര്‍ന്ന് ഹരിയാനയിലെത്തി യുവതിയെ തപ്പിപ്പിടിച്ച് പരാതി കൊടുപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കേസില്‍ പ്രതിയായതോടെ വ്യാപാരിയും പൊലീസിലെ മറ്റു ഉന്നതരുമായി ബന്ധപ്പെടുകയും ഇതോടെ എഫ്‌ഐആര്‍ ഫ്രീസറിലായി എന്നുമാണ് ആക്ഷേപം.കേസിന്റെ കാര്യത്തിൽ മുകളിൽ നിന്ന് വിളികൾ വരുമ്പോൾ തട്ടാമുട്ടി പറഞ്ഞ് അറസ്റ്റ് വൈകിപ്പിക്കാൻ ശ്രമിച്ചിരുന്ന ഡിവൈഎസ്പി മറുവശത്ത് പൊലീസ് ഉന്നതന്റെ ഇടപെടലുണ്ടെന്ന് അറിഞ്ഞിരുന്നില്ല.
അതെ സമയം ഹരിയാന സ്വദേശിനിയുടെ മൊഴി രേഖപ്പെടുത്തിയ സമയത്ത് എസ്.എച്ച്.ഒയായിരുന്നയാൾ അപകടം മണത്തതിനെ തുടർന്ന് അവധിയിൽ പ്രവേശിച്ചിരുന്നു.പിന്നാലെ ചുമതലയേറ്റ എസ്.എച്ച്.ഒയ്ക്കായിരുന്നു അന്വേഷണ ചുമതല. ഇദ്ദേഹത്തിനും അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് വകുപ്പ് തല നടപടികൾക്ക് സാധ്യതയുള്ളതായി അറിയുന്നു.