ഓളപ്പരപ്പിൽ വെള്ളിത്തിളക്കം; വനിതാ സെയ്ലിങ്ങിൽ ഇന്ത്യയുടെ നേഹാ ടാക്കൂറിന് വെള്ളി
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ സെയ്‌ലിങ്ങില്‍ ഇന്ത്യയുടെ നേഹ ടാക്കൂറിന് വെള്ളി മെഡല്‍. ഡിന്‍ഗി ഐഎല്‍സിഎ4 ഇനത്തിലാണ് നേഹയുടെ നേട്ടം. നേഹയുടെ കരിയറിലെ ആദ്യ മെഡലാണ് ഏഷ്യൻ ഗെയിംസിലേത്. സെയ്ലിങ്ങിൽ 27 പോയിന്റോടെയാണ് 17കാരിയായ താരം വെള്ളി മെഡൽ നേട്ടത്തിൽ എത്തിയത്. ഈ ഇനത്തിൽ ആദ്യമായാണ് ഇന്ത്യ മെഡൽ സ്വന്തമാക്കുന്നത്. 12-ാമത്തെ റെയ്സിലാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം.
ഏഷ്യൻ ഗെയിംസിന്റെ മൂന്നാം ദിനത്തിലെ ആദ്യ മെഡലുമാണ് നേഹ സ്വന്തമാക്കുന്നത്. ഏഷ്യൻ ഗെയിംസ് മൂന്നാം ദിനം തുടരുമ്പോൾ ഇന്ത്യയുടെ മെഡൽ നേട്ടം 12 ആയി. രണ്ട് സ്വർണവും നാല് വെള്ളിയും ആറ് വെങ്കലവുമാണ് ഇന്ത്യൻ താരങ്ങൾ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. ആതിഥേയരായ ചൈനയാണ് മെഡൽ നേട്ടത്തിൽ ഒന്നാമതുള്ളത്.
മൂന്നാം ദിനം ഇന്ത്യൻ എയർ റൈഫിൾസ് താരങ്ങളായ ദിവ്യാൻഷ് സിങ് പൻവാർ, രമിത സഖ്യത്തിന് വെങ്കല മെഡൽ നഷ്ടമായി. 10 മീറ്റർ എയർ റൈഫിൾസിലാണ് ഇന്ത്യൻ താരങ്ങൾ പരാജയപ്പെട്ടത്. ഫെൻസിങ്ങിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷ ആയിരുന്ന ഭവാനിദേവി ക്വാർട്ടറിൽ തോറ്റു. ചൈനീസ് താരത്തോടാണ് ഭവാനി ദേവിയുടെ തോൽവി.